മുംബൈ: ഈ വർഷത്തെ ഐ.പി.എല്ലിനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ താരങ്ങൾ. സെപ്റ്റംബറിൽ യു.എ.ഇയിൽ ആരംഭിക്കുന്ന ടൂർണമെന്റ് 51 ദിവസം നീണ്ടുനിൽക്കും. ഇതിനിടയിൽ 60 മത്സരങ്ങൾ നടക്കും. ആരാധകരും ഐ.പി.എല്ലിന് ഒരുങ്ങിക്കഴിഞ്ഞു. ഇതിനിടയിൽ താരങ്ങളും ആരാധകരും തമ്മിലുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരിക്കുന്നത്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകൻ കൂടിയായ വിരാട് കോലി ട്വിറ്ററിൽ ഒരു പരസ്യചിത്രം പോസ്റ്റ് ചെയ്തപ്പോൾ അതിന് ട്രോളുമായി ഹർഭജൻ സിങ്ങ് രംഗത്തുവന്നു. ഇത്തവണ ചെന്നൈ സൂപ്പർ കിങ്സിനുവേണ്ടിയാണ് ഹർഭജൻ കളിക്കുന്നത്. പ്രമുഖ ബ്രാൻഡിനായി കോലി ചെയ്ത പരസ്യത്തിൽ മഞ്ഞ നിറത്തിൽ കുളിച്ച കോലിയാണുള്ളത്. ഇതോടെ ഈ നിറത്തെ ചെന്നൈ സൂപ്പർ കിങ്സുമായി ബന്ധിപ്പിച്ചായിരുന്നു ഹർഭജന്റെ ട്രോൾ.

'ചെന്നൈ സൂപ്പർ കിങ്സിനായി പ്രത്യേകം തയ്യാറാക്കിയതു പോലെയുണ്ട്' എന്നായിരുന്നു ഹർഭജന്റെ ട്വീറ്റ്. ഹർഭജന്റെ ട്വീറ്റ് ചെന്നൈ സൂപ്പർ കിങ്സും ഏറ്റെടുത്തു.

മാർച്ച് 29-ന് തുടങ്ങേണ്ടിയിരുന്ന ഐ.പി.എൽ കോവിഡ് വ്യാപനത്തെ തുടർന്ന് നീട്ടിവെയ്ക്കുകയായിരുന്നു. ആദ്യം ഏപ്രിൽ 15-ലേക്കാണ് നീട്ടിവെച്ചിരുന്നത്. എന്നാൽ കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. ഇതിന് പിന്നാലെ ഓസ്ട്രേലിയയിൽ നടക്കേണ്ട ട്വന്റി-20 ലോകകപ്പ് ഐ.സി.സി മാറ്റിവെച്ചതോടെ വീണ്ടും ഐ.പി.എല്ലിനുള്ള അവസരം ഒരുങ്ങുകയായിരുന്നു. ഒക്ടോബർ-നവംബർ മാസങ്ങളിലായിരുന്നു ട്വന്റി-20 ലോകകപ്പ് നടക്കേണ്ടിയിരുന്നത്.

Content Highlights: Harbhajan Singh Trolls Virat Kohli IPL 2020