മുംബൈ: കോവിഡ്-19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരത്തുകളില്‍ അനാവശ്യയാത്രകളും മറ്റും തടയാന്‍ പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്. ഇതിനിടെ പലപ്പോഴും സാധാരണക്കാരും പോലീസും തമ്മില്‍ പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്.

ഇത്തരത്തില്‍ വാഹനത്തിലെ യാത്ര തടഞ്ഞതിന് ആള്‍ക്കൂട്ടം പോലീസുകാരെ മര്‍ദിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.

പോലീസുകാരെ മര്‍ദിക്കുന്ന വീഡിയോ സഹിതമാണ് പഞ്ചാബ് പോലീസില്‍ എസ്.പി കൂടിയായ ഭാജിയുടെ വിമര്‍ശനം.

പോലീസിനോടുള്ള വൃത്തികെട്ട മനോഭാവം ജനങ്ങള്‍ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഭാജി തുറന്നടിച്ചു. 'നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവന്‍ പണയംവെക്കുന്നവരാണ് പോലീസെന്ന കാര്യം മറക്കരുത്. അവര്‍ക്കും കുടുംബമുണ്ട്, എന്നാല്‍ രാജ്യത്തിനായാണ് അവര്‍ ജോലി ചെയ്യുന്നത്. എന്തുകൊണ്ട് നല്ലൊരു നാളേയ്ക്കായി വീട്ടിലിരിക്കാനുള്ള ബോധം നമുക്കില്ലാതെ പോകുന്നു', ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു.

Content Highlights: Harbhajan Singh shares video of mob attacking policemen