മുംബൈ: കശ്മീര്‍ വിഷയം ചൂണ്ടിക്കാട്ടി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ വാക്‌പോരുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങും പാക് നടി വീണാ മാലിക്കും. കശ്മീരില്‍ രക്തച്ചൊരിച്ചിലിനാണ് ഇമ്രാന്‍ ആഹ്വാനം ചെയ്തിരിക്കുന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വെറുപ്പ് കൂട്ടാനേ ഇത് സഹായിക്കൂ എന്നും ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു. ഒരു കായികതാരമെന്ന നിലയില്‍ സമാധാനം പ്രോത്സാഹിപ്പിക്കാനാണ് ഇമ്രാന്‍ ശ്രമിക്കേണ്ടതെന്നും ഹര്‍ഭജന്‍ ട്വീറ്റില്‍ പറയുന്നു.

ഇതിന് പിന്നാലെ മറുപടിയുമായി ബോളിവുഡ് നടി കൂടിയായ വീണാ മാലിക്ക് രംഗത്തെത്തി. 'സമാധാനത്തെ കുറിച്ചാണ് ഇമ്രാന്‍ ഖാന്‍ സംസാരിച്ചത്. കര്‍ഫ്യൂ പിന്‍വലിച്ചാല്‍ കശ്മീരിലുണ്ടാകുന്ന യാഥാര്‍ഥ്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇത് പറയാന്‍ സങ്കടമുണ്ടെങ്കിലും രക്തച്ചൊരിച്ചിലുണ്ടാകുമെന്നത് യാഥാര്‍ഥ്യമാണ്. ഇതൊരു ഭീഷണിയല്ലെന്നും ഭയമാണെന്നും അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്. നിങ്ങള്‍ക്ക് ഇംഗ്ലീഷ് മനസ്സിലാകില്ലേ?' വീണ ട്വീറ്റിലൂടെ ഹര്‍ഭജനോട് ചോദിക്കുന്നു. 

ഇതിന് ഹര്‍ഭജന്‍ മറുപടി നല്‍കി. വീണയുടെ ട്വീറ്റിലെ അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ഭജന്റെ മറുപടി. എന്തെങ്കിലും ഇംഗ്ലീഷില്‍ എഴുതുന്നതിന് മുമ്പ് ഒന്ന് വായിച്ചുനോക്കുന്നത് നല്ലതായിരിക്കുമെന്നും ഹര്‍ഭജന്‍ വീണയെ ഓര്‍മിപ്പിച്ചു. 

കശ്മീരിലെ സാഹചര്യം ഗുരുതരമാണെന്ന് വ്യക്തമാക്കിയ ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭ നല്‍കിയ അവകാശങ്ങള്‍ കശ്മീരില്‍ നിഷേധിക്കുകയാണെന്നും അവകാശപ്പെട്ടിരുന്നു. കശ്മീരില്‍ 80 ലക്ഷം പേരെ തടവിലാക്കിയിരിക്കുകയാണ്. കര്‍ഫ്യൂ പിന്‍വലിച്ചാല്‍ അവിടെ രക്തച്ചൊരിച്ചിലുണ്ടാകും. അതുകൊണ്ട് ഐക്യരാഷ്ട്ര സഭ കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു. 

Content Highlights: Harbhajan Singh makes fun of Veena Malik’s English on Twitter