സെപ്റ്റംബര്‍ 24. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഈ ദിവസം ഒരിക്കലും മറക്കില്ല. എം.എസ് ധോനിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീം ട്വന്റി-20 ലോകകപ്പില്‍ മുത്തമിട്ട ദിവസം. 2007-ലെ കിരീടനേട്ടത്തിന് 14 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ നിരവധി ആരാധകരും താരങ്ങളുമാണ് അന്നത്തെ ഓര്‍മകള്‍ പങ്കുവെച്ചത്.

അന്ന് കിരീടം നേടിയ ടീമിലുണ്ടായിരുന്ന ഹര്‍ഭജന്‍ സിങ്ങും കിരീടമുയര്‍ത്തിയുള്ള ചിത്രം ട്വീറ്റ് ചെയ്തു. നിങ്ങളുടെ വിശ്വാസം നിങ്ങളുടെ ഭയത്തേക്കാള്‍ ശക്തമാകുമ്പോള്‍ നിങ്ങളുടെ സ്വപ്‌നം യാഥാര്‍ഥ്യമാകും എന്ന കുറിപ്പോടെയാണ് ഭാജി ചിത്രം പങ്കുവെച്ചത്. ഈ ചിത്രത്തിന്റെ ഒരു ചെറിയ ഭാഗം ട്രോഫിയുടെ സ്‌മൈലി വെച്ച് ഹര്‍ഭജന്‍ സിങ്ങ് മറച്ചിരുന്നു.

ഒരു ആരാധകന് അത് രസിച്ചില്ല. 'എംഎസ് ധോനിയുടെ മുഖം ക്രോപ് ചെയ്തത് വളരെ നന്നായി'.  ഇതായിരുന്നു ആ ആരാധകന്റെ പരിഹാസ രൂപത്തിലുള്ള കമന്റ്. ഇതിന് ഹര്‍ഭജന്‍ ചുട്ട മറുപടി നല്‍കി.

ക്രോപ് ചെയ്യാത്ത ചിത്രം ട്വീറ്റ് ചെയ്ത് ഹര്‍ഭജന്‍ ഇങ്ങനെ എഴുതി. 'ഞാന്‍ ക്രോപ് ചെയ്ത ഭാഗത്ത് കാണുന്നത് എന്താണോ അത് നീ നക്കിക്കോ' എന്നായിരുന്നു ഭാജിയുടെ കമന്റ്. ഇന്ത്യന്‍ ടീമിന്റെ ആഘോഷം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന വീഡിയോഗ്രാഫറുടെ തലയുടെ പിന്‍ഭാഗമായിരുന്ന ഹര്‍ഭജന്‍ മറച്ചുവെച്ച ഭാഗത്തുണ്ടായിരുന്നത്. ഈ ആരാധകന്‍ പിന്നീട് തന്റെ ട്വീറ്റ് നീക്കം ചെയ്ത് തടിതപ്പി.

 

Content Highlights: Harbhajan Singh gives it back to troll 2007 t20 wc