ഇസ്ലാമാബാദ്: ക്രിക്കറ്റ് മൈതാനങ്ങളില്‍ താരങ്ങളുടെ ഏറ്റുമുട്ടലുകള്‍ ഇടയ്ക്ക് സംഭവിക്കാറുണ്ട്. സ്ലെഡ്ജിങ്ങില്‍ തുടങ്ങി പലപ്പോഴും അത് പരിധി വിട്ട് പോകാറാണ് പതിവ്. ഇത്തരത്തില്‍ പലപ്പോഴും കളിക്കാരുമായി ഏറ്റുമുട്ടുന്നവരില്‍ ഒരാളായിരുന്നു പാകിസ്താന്‍ താരം ഷുഐബ് അക്തര്‍.

ഇത്തരത്തില്‍ കളത്തില്‍ വെച്ച് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട് ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങിനെ തല്ലാന്‍ ഹോട്ടല്‍ മുറിയില്‍ പോയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് അക്തര്‍. കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിലായിരുന്നു അക്തര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

2010 മാര്‍ച്ചില്‍ നടന്ന ഏഷ്യാകപ്പില്‍ ധാംബുള്ളയിലെ മത്സരത്തിനിടെയായിരുന്നു സംഭവം. പാകിസ്താന്‍ ഉയര്‍ത്തിയ 268 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്നു ഇന്ത്യ. 47-ാം ഓവറില്‍ അക്തറിനെ ഹര്‍ഭജന്‍ സിക്‌സറടിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പോര് തുടങ്ങുന്നത്. ഭാജിക്കെതിരേ ബൗണ്‍സറുകള്‍ എറിഞ്ഞ അക്തര്‍ വാക്കുകള്‍ കൊണ്ടും ഏറ്റുമുട്ടി. ഭാജിയും വിട്ടുകൊടുത്തില്ല. 49-ാം ഓവറിലും ഇത് തുടര്‍ന്നു. ഒടുവില്‍ രണ്ട് പന്തില്‍ ജയിക്കാന്‍ മൂന്നു റണ്‍സ് വേണമെന്നിരിക്കെ സിക്‌സറടിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ച ശേഷം ഹര്‍ഭജന്‍ അക്തറിനെ നോക്കി അലറുകയായിരുന്നു.

ഈ സംഭവത്തിനു പിന്നാലെയാണ് ഭാജിയെ തല്ലാന്‍ ഹോട്ടലിലേക്ക് താന്‍ പോയിരുന്നതായി അക്തറിന്റെ വെളിപ്പെടുത്തല്‍.

''അന്ന് ഹര്‍ഭജനെ നോക്കി ഞാന്‍ ഹോട്ടല്‍ റൂമിലേക്ക് പോയി. തല്ലാന്‍ വേണ്ടിയായിരുന്നു അത്. ഞങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ച്, ലാഹോറില്‍ ഞങ്ങള്‍ക്കൊപ്പം കറങ്ങി, ഞങ്ങളുടേതിന് സമാനമായ സംസ്‌കാരമുള്ള, പഞ്ചാബി സഹോദരന് എങ്ങനെ ഞങ്ങളോട് മര്യാദയില്ലാതെ പെരുമാറാന്‍ സാധിക്കുന്നുവെന്ന് ഞാന്‍ കരുതി. ഹോട്ടല്‍ റൂമില്‍ ചെന്ന് ഹര്‍ഭജനെ തല്ലണം എന്നുറപ്പിച്ചാണ് പോയത്. ഞാന്‍ വരുന്നുണ്ടെന്ന് അവന് അറിയാമായിരുന്നു. എനിക്ക് അവനെ കണ്ടുപിടിക്കാന്‍ സാധിച്ചില്ല. അടുത്തദിവസമായതോടെ ഞാന്‍ അടങ്ങി. ഹര്‍ഭജന്‍ വന്ന് ക്ഷമ ചോദിക്കുകയും ചെയ്തു''- അക്തര്‍ പറഞ്ഞു.

മുറിയില്‍ വന്ന് തല്ലുമെന്ന് അക്തര്‍ അന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഹര്‍ഭജനും മുമ്പ് പറഞ്ഞിട്ടുണ്ട്.

Content Highlights: Went to Harbhajan’s room to fight Shoaib Akhtar on 2010 Asia Cup incident