മുംബൈ: ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകമെങ്ങും പടര്‍ന്നുപിടിച്ചിരിക്കുകയാണ്. 198-ലധികം രാജ്യങ്ങളിലാണ് കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ലോകമൊന്നാകെ വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 21 ദിവസമാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ 2018-ല്‍ പുറത്തിറങ്ങിയ ഒരു കൊറിയന്‍ പരമ്പരയില്‍ ഈ കൊറോണ വൈറസിനെ കുറിച്ച് പറയുന്നുണ്ട്. 'മൈ സീക്രട്ട് ടെരിയൂസ്' എന്ന പേരിലുള്ള ഈ പരമ്പരയുടെ ഒന്നാം സീസണിലെ 10-ാം എപ്പിസോഡിലാണ് വൈറസിനെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും പറയുന്നത്. ഇതോടെ ഇതെല്ലാം ബോധപൂര്‍വം പ്ലാന്‍ ചെയ്ത് നടപ്പാക്കിയതാണോ എന്നായി ആളുകളുടെ സംശയം. ഈ സംശയം ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങും പങ്കുവെച്ചു.

'ഇതാ ഒരു അദ്ഭുതം. നിങ്ങള്‍ വീട്ടിലാണെങ്കില്‍ ഇപ്പോള്‍ തന്നെ നെറ്റ്ഫ്ളിക്സ് തുറക്കൂ. മൈ സീക്രട്ട് ടെരിയൂസ് എന്ന് ടൈപ്പ് ചെയ്ത് സീസണ്‍ ഒന്നിലെ 10-ാം എപ്പിസോഡിലേക്ക് പോകൂ. കൃത്യമായി പറഞ്ഞാല്‍ ആ എപ്പിസോഡിന്റെ 53-ാം സെക്കന്റ് മുതല്‍ കാണൂ. (ഈ സീസണ്‍ 2018-ല്‍ പുറത്തിറങ്ങിയതാണ്.ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്നത് 2020-ലും). ഇതു ഞെട്ടിക്കുന്നതാണ്. എല്ലാം മനഃപൂര്‍വമായിരുന്നോ?'-വീഡിയോ പങ്കുവെച്ച് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.

ആശുപത്രിയിലെ ഡോക്ടറും ഒരു സ്ത്രീയും തമ്മിലുള്ള സംഭാഷണമാണ് ഹര്‍ഭജന്‍ പങ്കുവെച്ച വീഡിയോലിലുള്ളത്. വൈറസ് വ്യാപനത്തെക്കുറിച്ച് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നതാണ് ഈ രംഗം. ഈ വൈറസ് മനുഷ്യന്റെ ശ്വസനപ്രക്രയയെയാണ് ബാധിക്കുക എന്നും ഡോക്ടര്‍ പറയുന്നുണ്ട്. രണ്ടു മുതല്‍ 14 ദിവസം വരെയാണ് വൈറസിന്റെ കാലയളവെങ്കിലും ചിലര്‍ അതിനെ ദുരുപയോഗം ചെയ്ത് അഞ്ചു മിനിറ്റിനുള്ളില്‍ ശ്വാസകോശത്തെ ബാധിക്കുന്ന തരത്തിലാക്കിയെന്നും ഇതിന് മരുന്ന് കണ്ടെത്തിയിട്ടില്ലെന്നും ഡോക്ടര്‍ വീഡിയോയില്‍ പറയുന്നു.

Content highlights: harbajan sing shared a korean series related corona