'കാലിക്കറ്റ് സര്‍വകലാശാല ആദ്യമായി അഖിലേന്ത്യ ഫുട്ബോള്‍ ചാമ്പ്യന്‍മാരായതിന് ഈ ഒക്ടോബറില്‍ അരനൂറ്റാണ്ട് തികയുന്നു. അന്നത്തെ ടീമിന്റെ ക്യാപ്റ്റനായിരുന്ന വിക്ടര്‍ മഞ്ഞിലയും സഹതാരം എം.വി. ഡേവിസും ഓര്‍മകള്‍ പങ്കുവെക്കുന്നു'

വിക്ടര്‍ മഞ്ഞില: ഇന്റര്‍വാഴ്സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ നമ്മള്‍ ജേതാക്കളായിട്ട് അമ്പത് വര്‍ഷം പൂര്‍ത്തിയായെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ആ മത്സരത്തിന്റെ ആവേശവും ഉദ്വേഗവുമെല്ലാം ഇപ്പോഴും മനസിലുണ്ട്. 1968ലാണ് കാലിക്കറ്റ് സര്‍വകലാശാല സ്ഥാപിക്കപ്പെടുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ അഖിലേന്ത്യാ വാഴ്സിറ്റി ചാമ്പ്യന്‍മാരായി. നോര്‍ത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത് എന്നിങ്ങനെ നാലു സോണുകളിലായിട്ടായിരുന്നു മത്സരം.

കാലിക്കറ്റ് ഉള്‍പ്പെടുന്ന സൗത്ത് സോണില്‍ നിന്ന് പതിനാല് ടീമുകള്‍. ഫൈനലടക്കം അഞ്ച് കളികള്‍ കളിച്ച് ഒറ്റ ഗോള്‍ പോലും വഴങ്ങാതെയാണ് ഞങ്ങള്‍ ഇന്റര്‍സോണ്‍ ചാംപ്യന്‍ഷിപ്പിലേക്കെത്തുന്നത്. സൗത്ത് സോണില്‍ നിന്ന് കാലിക്കറ്റ്, വെസ്റ്റ് സോണില്‍ നിന്ന് വിക്രം യൂണിവേഴ്സിറ്റി, നോര്‍ത്ത് സോണില്‍ നിന്ന് പഞ്ചാബ്, ഈസ്റ്റ് സോണില്‍ നിന്ന് ഗുവാഹട്ടി. റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. എല്ലാ ടീമുകളും എല്ലാവരോടും കളിക്കണം. നമ്മുടെ ആദ്യ കളി വിക്രം യൂണിവേഴ്സിറ്റിയുമായിട്ടായിരുന്നു. 4-1ന് നമ്മള്‍ ജയിച്ചു.

  പഞ്ചാബ് യൂണിവേഴ്സിറ്റിയുമായിട്ടായിരുന്നു. നമ്മള്‍ മറുപടിയില്ലാതെ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുകയായിരുന്നു. എന്നാല്‍ കളി കഴിയാന്‍ പത്ത് മിനുട്ട് ബാക്കി നില്‍ക്കെ പഞ്ചാബ് ടീം ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങിപ്പോയി. ഏറെ നേരം കാത്തിരുന്നിട്ടും അവര്‍ മടങ്ങിവന്നില്ല. അതോടെ റഫറി നമ്മളെ വിജയിയായി പ്രഖ്യാപിച്ചു. മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഗുവാഹട്ടിയുമായിട്ടായിരുന്നു. അത് 2-2 സമനിലയായതോടെ ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ നമ്മള്‍ കിരീട ജേതാക്കളായി.  

half-century of Calicut University becoming the first All India Football Champions
പുതിയ ലക്കം സ്പോര്‍ട്സ് മാസിക വാങ്ങാം

എം.വി. ഡേവിസ്: കേരളത്തിലേക്ക് ആദ്യമായൊരു അഖിലേന്ത്യ ട്രോഫി എത്തുന്നത് ഈ വിജയത്തോടെയാണ്. തേഞ്ഞിപ്പലത്തെ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. റെക്കോഡ് ജനക്കൂട്ടമായിരുന്നു കളി കാണാനെത്തിയത്. പതിനയ്യായിരം പേര്‍ക്കിരിക്കാവുന്ന താല്‍ക്കാലിക ഗ്യാലറി ഉച്ചയ്ക്ക് ഒരുമണിയാകുമ്പോഴേക്കും നിറയും. ക്രൈസ്റ്റ്  കോളേജില്‍ നിന്നുള്ള വൈദികര്‍ കളി കാണാനെത്തിയപ്പോള്‍ തിരക്ക് കാരണം ഗ്രൗണ്ടില്‍ പ്രവേശിക്കാനായില്ല. ഒടുവില്‍ കളിക്കാര്‍ക്കൊപ്പമാണ് അവര്‍ ഉള്ളിലേക്ക് കയറിയത്. സ്റ്റാന്‍ഡിങ് 50 പൈസ, ഗാലറി ഒരു രൂപ, കസേര രണ്ട് രൂപ, റോസ്ട്രത്തിലെ ചൂരല്‍ക്കസേര ഏഴ് രൂപ എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്.

വിക്ടര്‍: സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പിനുളള ഒരുക്കം തുടങ്ങുന്ന സമയത്ത് എനിക്ക് സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിലേക്ക് ക്ഷണം കിട്ടി. ആദ്യകളി ബംഗാളിനോടായിരുന്നു. 89-ാം മിനുട്ടില്‍ സുഭാഷ് ഭൗമിക്ക് അടിച്ച ഷോട്ടില്‍ ഗോള്‍ വഴങ്ങി നമ്മള്‍ തോറ്റു. അതിന് ശേഷം എന്നെ ഇന്ത്യന്‍ ക്യാമ്പിലേക്ക് ക്ഷണിച്ചു. ആ സമയത്താണ് തേഞ്ഞിപ്പലത്ത് ഇന്റര്‍യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കം തുടങ്ങുന്നത്. തൊട്ടുമുമ്പത്തെ വര്‍ഷം വാഴ്സിറ്റി ടീമിലെ ഗോള്‍ കീപ്പര്‍ ഞാനായിരുന്നു. അതുകൊണ്ട് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ ആദ്യമായി ഇന്ത്യന്‍ ക്യാമ്പിലേക്ക് ക്ഷണം ലഭിച്ചത് ഉപേക്ഷിക്കാനും മടി.

മുതിര്‍ന്ന പല താരങ്ങളുടെയും ഉപദേശം സ്വീകരിച്ച് ഞാന്‍ ഇന്ത്യന്‍ ക്യാമ്പിലേക്ക് പോയി. 20 ദിവസത്തോളം കടുത്ത പരിശീലനമായിരുന്നു അവിടെ. പക്ഷേ സെലക്ഷന്‍ കിട്ടിയില്ല. 'യു ആര്‍ ടൂ യങ് ടു ബി ആന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍' എന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റി അധികൃതരുടെ നിലപാട്. നിരാശയോടെ നാട്ടിലേക്ക് മടങ്ങി പഠിച്ചിരുന്ന തൃശൂര്‍ സെന്റ് തോമസ് കോളേജിലെത്തി റിപ്പോര്‍ട്ട് ചെയ്തു. ഞാന്‍ നാട്ടിലെത്തിയ വിവരമറിഞ്ഞ് ഡേവിസാണ് എന്നെ യൂണിവേഴ്സിറ്റി ക്യാമ്പിലെത്തിച്ചത്. അപ്പോഴേക്കും അവിടുത്തെ ക്യാമ്പ് ഏതാണ്ട് തീരാറായിരുന്നു. ബാക്കിയുളള ദിവസങ്ങള്‍ മുഴുവന്‍ കോച്ച് സി.പി.എം. ഉസ്മാന്‍ കോയ സര്‍ എന്നെ കഠിനമായി പരിശീലിപ്പിച്ചു. ചെളിയിലും വെളളത്തിലുമൊക്കെ പല തവണ ഡൈവ് ചെയ്യിപ്പിച്ചു. എന്റെ കഷ്ടപ്പാട് കണ്ട മാനേജര്‍ അബൂബക്കര്‍ സര്‍ വന്ന് 'നിര്‍ത്ത് ഉസ്മാനേ' എന്ന് കോച്ചിനോട് ശുപാര്‍ശ പറയും (ചിരിക്കുന്നു).

(അഭിമുഖത്തിന്റെ പൂര്‍ണരൂപം ഒക്ടോബര്‍ ലക്കം മാതൃഭൂമി സ്പോര്‍ട്സ് മാസികയില്‍)

Content Highlights: half-century of Calicut University becoming the first All India Football Champions