ഇസ്ലാമാബാദ്: 'ദൂസ്‌ര' എന്ന തന്റെ മാരകായുധം കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ കബളിപ്പിക്കുന്നതില്‍ മിടുക്കനായിരുന്നു പാകിസ്താന്റെ മുന്‍ താരം സഖ്‌ലെയ്ന്‍ മുഷ്താഖ്. എന്നാല്‍ ഇപ്പോഴിതാ സ്വന്തം ഭാര്യയെ ഹോട്ടല്‍ മുറിക്കുള്ളിലെ കബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച് പാകിസ്താന്‍ ടീം മാനേജ്‌മെന്റിനെ പോലും പറ്റിച്ച കഥ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ബിയോണ്ട് ദ ഫീല്‍ഡ് എന്ന യൂട്യൂബ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഷ്താഖ്.

1999-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിനിടെയായിരുന്നു സംഭവം. ലോകകപ്പിനിടെ പെട്ടെന്ന് ഒരു ദിവസം പാക് താരങ്ങളോട് കുടുംബാംഗങ്ങളെ ഒപ്പം താമസിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടു. എന്നാല്‍ മുഷ്താഖിന് ഇത് അനുസരിക്കാന്‍ തോന്നിയില്ല. 

''1998 ഡിസംബറിലായിരുന്നു എന്റെ വിവാഹം. ഭാര്യ ലണ്ടനിലായിരുന്നു താമസം. അതുകൊണ്ടു തന്നെ 1999 ലോകകപ്പിനിടെ ഞാന്‍ അവള്‍ക്കൊപ്പമായിരുന്നു താമസം. പരിശീലനവും മറ്റും സാധാരണ പോലെ തന്നെ നടക്കുന്നുണ്ടായിരുന്നു. വൈകുന്നേരങ്ങളിലായിരുന്നു ഞങ്ങള്‍ ഒന്നിച്ച് സമയം ചെലവിട്ടിരുന്നത്. പെട്ടെന്ന് ഒരു ദിവസം അവര്‍ (പി.സി.ബി) കുടുംബാംഗങ്ങളെ തിരിച്ചയക്കാന്‍ പറഞ്ഞു. എല്ലാം നന്നായി പോകുന്ന സമയത്ത് പെട്ടെന്നുള്ള ഈ മാറ്റം എന്തിനാണെന്ന് ഞാന്‍ കോച്ച് റിച്ചാര്‍ഡ് പൈബസിനോട് ചോദിച്ചു. കാര്യങ്ങള്‍ വലിയ മാറ്റമൊന്നുമില്ലാതെ പോകുന്നത് ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. അഅതുകൊണ്ടു തന്നെ ഈ നിര്‍ദേശം പാലിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു.'' - മുഷ്താഖ് പറഞ്ഞു.

''ടീം മാനേജറും കോച്ചും ഇടയ്ക്ക് ഹോട്ടല്‍ മുറി പരിശോധിക്കാന്‍ വരും. ചിലപ്പോള്‍ ടീമിലെ ചിലര്‍ സംസാരിക്കാനായും വരും. ഇങ്ങനെ പോകുമ്പോള്‍ ഒരു ദിവസം വാതിലില്‍ ആരോ തട്ടുന്ന ശബ്ദം കേട്ടു. ഉടന്‍ തന്നെ ഞാന്‍ ഭാര്യയോട് മുറിയിലെ കബോര്‍ഡിനുള്ളില്‍ ഒളിക്കാന്‍ പറഞ്ഞു. മാനേജറായിരുന്നു അത്. വന്ന് ഒന്ന് നോക്കിയ ശേഷം അദ്ദേഹം തിരിച്ചുപോയി. കുറച്ചുകഴിഞ്ഞ് മറ്റൊരാളും വന്നു. ഈ സമയമത്രയും എന്റെ ഭാര്യ കബോര്‍ഡിനുള്ളിലായിരുന്നു. തുടര്‍ന്ന് അസ്ഹര്‍ മഹ്‌മൂദും യൂസഫും മുറിയില്‍ വന്നു. ഈ നിയമത്തെ കുറിച്ച് സംസാരിക്കാന്‍ തന്നെയായിരുന്നു അവര്‍ വന്നത്. സംസാരത്തിനിടെ ഭാര്യ മുറിയിലുണ്ടെന്ന് അവര്‍ക്ക് സംശയം തോന്നി. അവര്‍ വിടാതെ പിടിച്ചതോടെ എനിക്ക് സത്യം പറയേണ്ടി വന്നു. ഭാര്യയോട് ഞാന്‍ പുറത്തുവരാന്‍ പറഞ്ഞു.'' - മുഷ്താഖ് വെളിപ്പെടുത്തി.

1999-ലെ ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും നേരത്തെ പറഞ്ഞ സംഭവം കൂടുതല്‍ പ്രശ്‌നത്തിലാകാതെ താന്‍ രക്ഷപ്പെട്ടെന്നും മുഷ്താഖ് വ്യക്തമാക്കി.

Content Highlights: Had to hide my wife in the cupboard of my hotel room Saqlain Mushtaq