ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ മാതൃകാപരമായ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയ ക്യാപ്റ്റനായിരുന്നു നിലവിലെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. 

വിജയിക്കാനുള്ള ആവേശവും യുവ താരങ്ങള്‍ക്ക് പിന്തുണ നല്‍കി കൂടെ നിര്‍ത്തുന്നതടക്കമുള്ള കാര്യങ്ങളിലൂം ദാദ എന്നും മറ്റ് ക്യാപ്റ്റന്‍മാര്‍ക്ക് ഒരു മാതൃകയായിരുന്നു. എന്നാല്‍ ഗാംഗുലിയോട് ഫീല്‍ഡില്‍ മുട്ടിനോക്കിയിട്ടുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ രോഷവും നന്നായറിയാം. 

ഇപ്പോഴിതാ ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയേയും നേതൃഗുണത്തെയും കുറിച്ച് സംസാരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടറുമായ ഗ്രെയിം സ്മിത്ത്. 2003-ല്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന റെക്കോഡോടെ ആ സ്ഥാനത്തെത്തിയ വ്യക്തിയാണ് സ്മിത്ത്. കളിച്ചിരുന്ന കാലത്ത് ഗാംഗുലിയും സ്മിത്തും അത്രയധികം അവസരങ്ങളിലൊന്നും നേര്‍ക്കുനേര്‍ വന്നിട്ടില്ല. 

ഗാംഗുലിയെ തോണ്ടാന്‍ ചെന്നാല്‍ ഉറപ്പായും നിങ്ങള്‍ക്ക് എന്തെങ്കിലും തിരിച്ചുകിട്ടുമെന്ന് സ്മിത്ത് പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2002-ല്‍ നാറ്റ്‌വെസ്റ്റ് ട്രോഫി വിജയത്തിനു ശേഷം ലോര്‍ഡ്‌സില്‍ ജേഴ്‌സിയൂരി വീശിയ ഗാംഗുലിയുടെ ആഘോഷം മനോഹരമായ കാഴ്ചയായിരുന്നുവെന്നും സ്മിത്ത് പറഞ്ഞു. ടീമിനെ നയിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ നിര്‍ഭയ മനോഭാവത്തിന്റെ തെളിവായിരുന്നു ആ സംഭവമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''ആ ആഘോഷം നമുക്കെല്ലാവര്‍ക്കും ഓര്‍മയുണ്ട്. മനോഹരമായ കാഴ്ചയായിരുന്നു അത്. ജയിക്കാനുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ആ ആഘോഷത്തില്‍ കാണാം. വിദേശത്ത് നേടിയ ആ വിജയത്തിന്റെ ആവേശം അദ്ദേഹത്തിന് എത്രത്തോളമുണ്ടായിരുന്നുവെന്ന് അതില്‍ കാണാം.'' - സ്മിത്ത് പറഞ്ഞു.

Content Highlights: Graeme Smith on former India captain Sourav Ganguly