ന്യൂഡല്‍ഹി: ക്രിക്കറ്റിലെ ബാറ്റിങ് - ബൗളിങ് പോരാട്ടങ്ങളിലെ എക്കാലത്തെയും മികച്ച ഉദാഹരണങ്ങളിലൊന്നാണ് സച്ചിന്‍ തെണ്ടുല്‍ക്കറും ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്തും. ക്രിക്കറ്റ് പിച്ചിലെ ഇരുവരുടെയും പോരാട്ടങ്ങളുടെ മറക്കാനാകാത്ത ഓര്‍മകള്‍ ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ഇന്നും തങ്ങിനില്‍പ്പുണ്ട്. 90-കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും ഇരുവരുടെയും പോരാട്ടങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇത് പലപ്പോഴും രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തേക്കാളുപരി രണ്ട് ക്രിക്കറ്റ് താരങ്ങള്‍ തമ്മിലുള്ള പോരാട്ടമായി ക്രിക്കറ്റ് പ്രേമികള്‍ ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്.
1999-ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയായാലും 2000-ല്‍ കെനിയയില്‍ നടന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയായാലും 2003-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന വേഡ് കപ്പ് ഫൈനലായാലും സച്ചിന്‍, മഗ്രാത്ത് പോരാട്ടങ്ങള്‍ക്ക് സാക്ഷിയായ നിരവധി മത്സരങ്ങളുണ്ട്.
ഇരുവരും പരസ്പരം ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. മഗ്രാത്തിനെ തുടര്‍ച്ചയായി ബൗണ്ടറിയടിച്ച് നിലയുറപ്പിക്കാന്‍ സച്ചിന്‍ അനുവദിക്കാതിരിക്കുന്നതിനൊപ്പം തന്നെ സച്ചിനെതിരേ ഓണ്‍സൈഡില്‍ മാത്രം പന്തെറിഞ്ഞ് അദ്ദേഹത്തെ തന്റെ പ്രസിദ്ധമായ ഡ്രൈവുകള്‍ കളിക്കുന്നത് തടസപ്പെടുത്താന്‍ മഗ്രാത്തും ശ്രമിച്ചിരുന്നു.
ഇപ്പോഴിതാ 1999-ലെ ഓസീസ് പര്യടനത്തിലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ മഗ്രാത്തിനെ മാനസികമായി നേരിടാന് താന്‍ പുറത്തെടുത്ത തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് ലിറ്റില്‍ മാസ്റ്റര്‍. സ്റ്റാര് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്‍ ഇക്കാര്യം പറഞ്ഞത്.
''1999-ലെ പരമ്പരയില്‍ അഡ്‌ലെയ്ഡിലെ ആദ്യ മത്സരം. ആദ്യ ഇന്നിങ്‌സില്‍ ആ ദിവസത്തെ മത്സരം അവസാനിക്കാന്‍ 40 മിനിറ്റ് മാത്രം ബാക്കി. അപ്പോള്‍ മഗ്രാത്ത് എനിക്കെതിരേ ആറ് മെയ്ഡന്‍ ഓവറുകളെറിഞ്ഞു. അതായിരുന്നു അവരുടെ തന്ത്രം. സച്ചിനെ വെറുപ്പിക്കുക. 70 ശതമാനം പന്തുകളും വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിന്റെ അടുക്കലേക്കാണ് പോയിരുന്നത്. ബാറ്റിലേക്ക് വന്നത് 10 ശതമാനം പന്തുകള്‍ മാത്രവും. ഓഫ് സ്റ്റമ്പിന് പുറത്തുപോകുന്ന പന്തുകള്‍ സച്ചിന്‍ കളിച്ചാലോ അതിനെ പിന്തുടര്‍ന്നാലോ നമ്മള്‍ ജയിച്ചു. അതിനാല്‍ തന്നെ പന്തുകളെല്ലാം ഞാന്‍ കളിക്കാതെ വിടുകയായിരുന്നു. ചില നല്ല പന്തുകള്‍ എന്നെ നിഷ്പ്രഭനാക്കിയും കടന്നുപോയി. ഞാന്‍ മഗ്രാത്തിനോട് പറഞ്ഞു, നല്ല പന്ത്, ഇനി പോയി അടുത്ത പന്തെറിയ്, ഞാന്‍ ഇപ്പോഴും ഇവിടെ തന്നെയുണ്ട്''-സച്ചിന്‍ ഓര്‍ക്കുന്നു.
ആ ദിവസത്തെ കളി അവസാനിക്കാന്‍ അധിക സമയമില്ലാത്തപ്പോള്‍ ക്ഷമ കൈവിടില്ലെന്ന കാര്യം താന്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ അടുത്ത ദിവസം രാവിലെ തനിക്കിഷ്ടമുള്ള പോലെ കളിക്കുമെന്നും. തന്നെ വെറുപ്പിച്ച്, ക്ഷമ നശിപ്പിച്ച് വിക്കറ്റ് നേടുക എന്നതായിരുന്നു ഓസീസ് തന്ത്രമെന്നുള്ളത് സച്ചിന്‍ മനസിലാക്കിയിരുന്നു. എന്നാല്‍ അടുത്ത ദിവസം രാവിലെ മഗ്രാത്തിനെതിരേ ആക്രമിച്ച് ബൗണ്ടറികള്‍ നേടിയ കാര്യവും സച്ചിന്‍ ഓര്‍ക്കുന്നു.
Content Highlights: Go back and bowl again as I’m still here Sachin Tendulkar to Glenn McGrath in 1999