നേട്ടങ്ങള്‍ക്കും വിശേഷണങ്ങള്‍ക്കും പഞ്ഞമില്ല ലയണല്‍ മെസ്സിക്ക്. എന്നാല്‍, ലിയോയുടെ ഇതുവരെ ആരും കാണാത്ത ഒരു മുഖം തുറന്നുകാട്ടുകയാണ് ബാഴ്‌സയിലെ ടീമംഗമായ സ്പാനിഷ് താരം ജെറാഡ് പിക്വെ.

പൊതുവേ നാണംകുണുങ്ങിയായി കാണപ്പെടുന്ന മെസ്സി പക്ഷേ, സുഹൃത്തുക്കള്‍ക്കൊപ്പമാണെങ്കില്‍ അങ്ങനെയല്ലെന്നാണ് ബാഴ്‌സയുടെ ഡിഫന്‍ഡറായ പിക്വെ പറയുന്നത്. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ട്രോളാണ് മെസ്സി എന്നാണ് ഒരു സ്പാനിഷ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പിക്കെ പറഞ്ഞത്. വ്യംഗാര്‍ഥത്തിന്റെയും പരിഹാസത്തിന്റെയും ആശാനാണ് മെസ്സിയെന്നും പിക്വെ അഭിമുഖത്തില്‍ പറഞ്ഞു.

അഭിമുഖത്തില്‍ ലാ ലീഗ ക്ലബായ എസ്പാന്യോളിനെ പരിഹസിക്കുകയും ചെയ്തിരിക്കുകയാണ് പിക്വെ. ലാ ലീഗയിലെ അടുത്ത മത്സരത്തിലെ എതിരാളികളായ എസ്പാന്യോളിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പിക്വെയുടെ പരിഹാസം. എസ്പാന്യോളിന്റെ ഈ വര്‍ഷത്തെ ബജറ്റിനേക്കാള്‍ കൂടുതല്‍ പണം തന്റെ കൈയിലുണ്ടെന്നായിരുന്നു പിക്വെയുടെ വീമ്പു പറച്ചില്‍.

Content Highlights: Gerard Pique Lionel Messi FC Barcelona Spain LaLiga Espanyol