ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം.എസ് ധോനിയുടെ 40-ാം ജന്മദിനമാണ് ഇന്ന്. സഹതാരങ്ങളും ആരാധകരും മുൻതാരങ്ങളുമെല്ലാം ധോനിക്ക് ആശംസയുമായെത്തി. സോഷ്യൽ മീഡിയാ പോസ്റ്റുകളിലൂടെയാണ് എല്ലാവരും ആശംസ അറിയിച്ചത്.

എന്നാൽ മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ ധോനിയുടെ ജന്മദിനത്തിൽ തന്റെ ഫെയ്സ്ബുക്ക് കവർ ഫോട്ടോ മാറ്റി ആരാധകരെ രോഷം പിടിപ്പിച്ചിരിക്കുകയാണ്. 2011 ഏകദിന ലോകകപ്പിനിടെയുള്ള തന്റെ ചിത്രമാണ് ഗംഭീർ കവർ ഫോട്ടോയാക്കിയത്. ധോനിയുടെ ജന്മദിനത്തിൽ തന്നെ ഗംഭീർ ഈ ചിത്രം പങ്കുവെച്ചത് താരത്തിന്റെ അസൂയയാണ് കാണിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്.

ലോകകപ്പ് ഫൈനലിൽ 122 പന്തിൽ 97 റൺസ് നേടിയ ഗംഭീറിന്റെ പ്രകടനം നിർണായകമായിരുന്നു. എന്നാൽ പലപ്പോഴും ഇന്ത്യയുടെ കിരീട നേട്ടത്തിൽ ചർച്ചയാകാറുള്ളത് വിജയറണ്ണിലേക്കെത്തിയ ധോനിയുടെ സിക്സർ ആണ്. ഇതിലുള്ള അമർഷം ഗംഭീർ നേരത്തെ തന്നെ പങ്കുവെച്ചിട്ടുണ്ട്. ആ ഒരൊറ്റ സിക്സല്ല ടീമിനെ ലോക കിരീടത്തിലേക്ക് എത്തിച്ചതെന്ന് ഗംഭീർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlights: Gautam Gambhir updates 2011 WC final picture as Facebook cover on MS Dhonis birthday