ന്യൂഡല്‍ഹി: കരിയറിന്റെ തുടക്കകാലത്ത് എം.എസ് ധോനിക്കൊപ്പം മുറി പങ്കിട്ടപ്പോഴത്തെ രസകരമായ സംഭവങ്ങള്‍ വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സ്റ്റാര്‍ സപോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ട് എന്ന പരിപാടിയിലാണ് ഗംഭീര്‍ ധോനിയുമൊത്തുള്ള രസകരമായ സംഭവം വെളിപ്പെടുത്തിയത്.
''അന്ന് ഞങ്ങള്‍ രണ്ടു പേരും ചെറുപ്പമാണ്. ധോനി അന്താരാഷ്ട്ര കരിയര്‍ തുടങ്ങിയിട്ട് ഏതാനും നാളുകളേ ആയിരുന്നുള്ളൂ. കെനിയയിലേക്ക് ഞങ്ങള്‍ ഒന്നിച്ചാണ് പോയത്. ഇന്ത്യ എയുടെ സിംബാബ്‌വെ പര്യടനത്തിനും ഞങ്ങള്‍ ഒപ്പമുണ്ടായിരുന്നു. അക്കാലത്ത് ഒന്നിച്ച് കുറേ സമയം ഞങ്ങള്‍ ചെലവഴിച്ചിട്ടുണ്ട്. ഒന്നര മാസത്തോളം ഒരു മുറിയിലായിരുന്നു ഞങ്ങള്‍ ഇരുവരും താമസിച്ചിരുന്നത്. അന്ന് ധോനിക്ക് നീണ്ട മുടിയുള്ള സമയമാണ്. അതിനെ കുറിച്ചായിരുന്നു ഞങ്ങളുടെ സംസാരം മുഴുവന്‍. എങ്ങനെയാണ് ധോനി ഈ നീളന്‍ മുടി സംരക്ഷിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍. ഒരിക്കല്‍ ഞങ്ങള്‍ നിലത്ത് കിടന്നുറങ്ങിയിട്ടുണ്ട്. കാരണം അന്ന് ഒരു ചെറിയ മുറിയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. എങ്ങിനെ അതിന്റെ വലിപ്പം കൂട്ടാമെന്നായിരുന്നു ഞങ്ങളുടെ ആലോചന മുഴുവന്‍. അതോടെ ഞങ്ങള്‍ കട്ടിലെല്ലാം മുറിക്ക് പുറത്തിട്ടു. എന്നിട്ട് നിലത്ത് പുതപ്പ് വിരിച്ച് കിടന്നുറങ്ങി. അതെല്ലാം ഏറെ രസമുള്ള കാര്യങ്ങളായിരുന്നു.'' - ഗംഭീര്‍ ഓര്‍ത്തെടുത്തു.
ഒന്നര മാസത്തോളം നിങ്ങള്‍ ഒരാളുമായി ഒരു മുറി പങ്കിടുമ്പോള്‍, ആ വ്യക്തിയെക്കുറിച്ച് നിങ്ങള്‍ക്ക് ധാരാളം കാര്യങ്ങള്‍ അറിയാന്‍ കഴിയുമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Gautam Gambhir recalls sharing room with MS Dhoni