ലണ്ടന്‍: ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന്റെ മുന്‍ മേധാവിയും ബ്രിട്ടീഷ് വ്യവസായപ്രമുഖനുമായ ബെര്‍ണി എക്ലസ്റ്റോണ്‍ വീണ്ടും അച്ഛനായി, അതും 89-ാം വയസില്‍. എക്ലസ്റ്റോണിന്റെ 44-കാരിയായ ഭാര്യ ഫാബിയാന ഫ്‌ളോസി ആണ്‍കുട്ടിക്ക് ജന്മം നല്‍കിയതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. എയ്സ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്.

എക്ലസ്റ്റോണിന്റെ മൂന്നാം ഭാര്യയാണ് ഫാബിയാന. ഇവി ബാംഫോര്‍ഡ്, സ്ലാവിസ റാഡിച്ച് എന്നീ മുന്‍ ഭാര്യമാരിലായി എക്ലസ്റ്റോണിന് മൂന്നു മക്കളുണ്ട്. ഇതില്‍ ഇവി ബാംഫോര്‍ഡില്‍ ജനിച്ച മൂത്തയാളായ ഡെബോറയ്ക്ക് 65 വയസുണ്ട്. ഇദ്ദേഹത്തിന്റെ ആദ്യ ആണ്‍കുഞ്ഞാണ് എയ്‌സ്. ടമാര, പെട്ര എന്നിവരാണ് ഇദ്ദേഹത്തിന്റെ മറ്റ് പെണ്‍മക്കള്‍. അഞ്ചു കൊച്ചുമക്കളും ഇദ്ദേഹത്തിനുണ്ട്. 

1958-ല്‍ കാര്‍ ഡ്രൈവറായാണ് എക്ലസ്റ്റോണ്‍ ഫോര്‍മുല വണ്‍ ടൂര്‍ണമെന്റിലെത്തുന്നത്. അവിടെ ശോഭിക്കാനായില്ല. പിന്നീട് ഒരു ടീമിന്റെ ഉടമയായി. 2017-ല്‍ ഫോര്‍മുല വണ്‍ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യുട്ടീവ് ആയി. 40 വര്‍ഷക്കാലത്തോളം ഫോര്‍മുല വണ്‍ മേധാവിയായിരുന്നു ഇദ്ദേഹം.

Content Highlights: Formula One Former chief Bernie Ecclestone becomes a father at 89