1996-ലെ ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് അയാള്‍ ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. അവരുടെ ഇതിഹാസ താരം അലന്‍ ഡൊണാള്‍ഡ് ആയിരുന്നു അയാളുടെ കൈയില്‍ ബോള്‍ വെച്ച് കൊടുത്തത്.

അരങ്ങേറ്റ മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ അയാള്‍ വിക്കറ്റ് ഒന്നും നേടാതെ 14 ഓവറില്‍ 75 റണ്‍സ് വിട്ടുകൊടുത്തത് ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യയെ ഒരുപാട് നിരാശപ്പെടുത്തിയിരുന്നു. എങ്കിലും ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളിങ്ങിനെ നയിച്ചിരുന്ന അലന്‍ ഡൊണല്‍ഡിന് ക്ലൂസ്നറില്‍ പ്രതീക്ഷയുണ്ടായിരുന്നു.

അന്നത്തെ മത്സരത്തില്‍ ക്ലൂസ്‌നറെ കടന്നാക്രമിച്ചത് ഇന്ത്യയുടെ മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു. ഓരോവറില്‍ തുടര്‍ച്ചയായി അഞ്ചു ബൗണ്ടറികള്‍ ക്ലൂസ്‌നര്‍ക്കെതിരേ അസ്ഹര്‍ അടിച്ചെടുത്തപ്പോള്‍ എല്ലാവരും അയാളുടെ കരിയര്‍ ആദ്യ മത്സരത്തോടെ തന്നെ അവസാനിച്ചു എന്ന് കരുയിരിക്കുമ്പോഴാണ് രണ്ടാം ഇന്നിങ്‌സില്‍ ക്ലൂസ്‌നര്‍ കൊടുങ്കാറ്റാകുന്നത്. കൊല്‍ക്കത്തയില്‍ രണ്ടാം ഇന്നിങ്‌സില്‍ 64 റണ്‍സ് വിട്ടുകൊടുത്ത് എട്ടു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

137 റണ്‍സിന് ഓള്‍ ഔട്ട് ആയ ഇന്ത്യയുടെ നാല്‌ ബാറ്റ്സ്മാന്മാര്‍ മാത്രമാണ് അന്ന് രണ്ടക്കം കണ്ടത്. മത്സരം ഇന്ത്യ 329 റണ്‍സിന് തോറ്റു. ലോക ക്രിക്കറ്റ് ചരിത്രത്തില്‍ അരങ്ങേറ്റ മത്സരത്തില്‍ ഒരു ഇന്നിങ്‌സില്‍ 8 വിക്കറ്റ് പ്രകടന നടത്തിയ ചുരുക്കം ചില ബൗളേഴ്‌സില്‍ ഒരാളായി ക്ലൂസ്‌നര്‍ മാറി. ദക്ഷിണാഫ്രിക്ക കണ്ട എക്കാലത്തെയും മികച്ച ഒരു പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ എന്ന നിലയിലേക്ക് ഉയര്‍ന്ന അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

1999 ലോകകപ്പിലായിരുന്നു ലാന്‍സ് ക്ലൂസ്നറെ അടയാളപ്പെടുത്തിയ മറ്റൊരു പ്രകടനം. ഒമ്പത്‌ മത്സരങ്ങളില്‍ നിന്ന് 281 റണ്‍സും 17 വിക്കറ്റും നേടിയ ക്ലൂസ്നറുടെ ബാറ്റിങ് ശരാശരി 140.5 ആയിരുന്നു. നാല് മത്സരങ്ങളില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയ ലാന്‍സ് ക്ലൂസ്നര്‍ ആയിരുന്നു 1999 ലോകകപ്പിലെ മാന്‍ ഓഫ് ദി ടൂര്‍ണമെന്റ്.

1999 ലോകകപ്പിലെ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന സെമിഫൈനല്‍ ആണ് ക്ലൂസ്‌നറുടെ കരിയറിലെ ഏറ്റവും ഭാഗ്യംകെട്ട മത്സരം.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്കയുടെ ഷോണ്‍ പൊള്ളോക്കിന്റെ അഞ്ചു വിക്കറ്റ് പ്രകടനത്തിലും അലന്‍ ഡൊണല്‍ഡിന്റെ നാല് വിക്കറ്റ് പ്രകടനത്തിലും അടിപതറിവീണ് 213 റണ്‍സിന് ഓള്‍ ഔട്ട് ആയി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഷെയിന്‍ വോണിന്റെ അഞ്ചു വിക്കറ്റ് പ്രകടനത്തിലും ഓസിസിന്റെ മികച്ച ഫീല്‍ഡിങ് മികവിലും തളര്‍ന്നിരുന്നു.

എങ്കിലും വാലറ്റത്ത് ക്ലൂസ്നര്‍ മത്സരത്തിന്റെ ഗതി മാറ്റുന്നുണ്ടായിരുന്നു. 48.4 ഓവറില്‍ 198 ന് സൗത്ത് ആഫ്രിക്കയുടെ ഒമ്പതാം വിക്കറ്റ് പോകുമ്പോള്‍ ക്ലൂസ്നര്‍ 10 ബോളില്‍ 16 റണ്‍സ്സുമായി ക്രീസില്‍ ഉണ്ടായിരുന്നു. തുടര്‍ന്നെത്തിയ അലന്‍ ഡൊണാള്‍ഡിന് സ്‌ട്രൈക്ക് കൊടുക്കാതെ അഞ്ച് പന്തില്‍ നിന്ന് 15 റണ്‍സ് കൂടെ എടുത്ത ക്ലൂസ്‌നര്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 213-ല്‍ എത്തിച്ചു. 

ജയത്തിനായി അവര്‍ക്ക് വേണ്ടിയിരുന്നത് ഒരു റണ്‍ മാത്രം. അവസാന ഓവറിലെ നാലാം പന്തില്‍ ക്ലൂസ്‌നര്‍ ഒരു സിംഗിളിനായി ഓടി. പക്ഷേ ഡൊണാള്‍ഡ് ഇത് കണ്ടില്ല. ഒടുവില്‍ താരം ഓടിത്തുടങ്ങിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. ഡൊണാള്‍ഡ് പകച്ചുനിന്നു പോയ ആ ഒരു നിമിഷം മതിയായിരുന്നു ഓസ്‌ട്രേലിയക്ക്. മത്സരം ടൈയില്‍ അവസാനിച്ചതോടെ സൂപ്പര്‍ സിക്‌സ് സ്റ്റേജില്‍ നെറ്റ് റണ്‍റേറ്റ് കൂടുതലുള്ള ഓസ്‌ട്രേലിയ ഫൈനലിലേക്ക് പ്രവേശിച്ചു.

1975 മുതലുള്ള ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഫൈനലില്‍ കയറിയിട്ടില്ലാത്ത ദക്ഷിണാഫ്രിക്കയ്ക്ക് ആ റണ്‍ഔട്ട് താങ്ങാവുന്നതിലും വലുതായിരുന്നു.

ഫൈനല്‍ ബര്‍ത്ത് ഒരു റണ്ണൗട്ടിലൂടെ നഷ്ടപ്പെട്ടപ്പോള്‍ ഡൊണാള്‍ഡിനെ ഒന്ന് തെല്ല് തിരിഞ്ഞ് നോക്കി പവലിയനിലേക്ക് കയറിപ്പോയ ക്ലൂസ്‌നറുടെ ചിത്രം ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസിലുണ്ട്.

Content Highlights: Former South African All-rounder Lance Klusener Turns 50