ഇസ്ലാമാബാദ്: കളിച്ചിരുന്ന കാലത്ത് എതിരാളികളുടെയെല്ലാം പേടിസ്വപ്‌നമായിരുന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഒറ്റയ്ക്ക് നിന്ന് ടീമിനെ വിജയത്തിലെത്തിക്കാന്‍ കെല്‍പ്പുള്ള താരം. അതിനാല്‍ തന്നെ സച്ചിനെ എത്രയും പെട്ടന്ന് പുറത്താക്കാനും എങ്ങനെയെങ്കിലും സച്ചിന്‍ ഒന്ന് പുറത്താകാനും പ്രാര്‍ഥിക്കുകയും ശ്രമിക്കുകയും ചെയ്തിരുന്നവരായിരുന്നു കൂടുതല്‍. എന്നാല്‍ ഇക്കൂട്ടത്തില്‍ ഇന്ത്യയുടെ ചിരവൈരികളായ പാകിസ്താന്‍ ടീമിലെ ഒരു താരം വ്യത്യസ്തനാകുകയാണ്. കളിച്ചിരുന്ന കാലത്ത് സച്ചിന്‍ പുറത്താകരുതേയെന്ന് ആഗ്രഹിച്ചിരുന്നുവെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. അത് മറ്റാരുമല്ല മുന്‍ പാക് ക്യാപ്റ്റന്‍ റഷീദ് ലത്തീഫ്.
അല്ലെങ്കിലും സച്ചിന്റെ സ്‌ട്രൈറ്റ് ഡ്രൈവുകളും കവര്‍ ഡ്രൈവുകളും അപ്പര്‍ കട്ടുകളുമെല്ലാം വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കാത്ത ഏത് ക്രിക്കറ്റ്പ്രേമിയാണുള്ളത്. ക്രീസിലെ സച്ചിന്റെ ഷോട്ടുകളുടെ സൗന്ദര്യത്തില്‍ വീണുപോയ കഥ തന്നെയാണ് റഷീദ് ലത്തീഫിനും പറയാനുള്ളത്.
സച്ചിന്‍ ബാറ്റു ചെയ്യുമ്പോള്‍ വിക്കറ്റിനു പിന്നില്‍ നിന്ന് അദ്ദേഹം ഔട്ടാകരുതേ എന്ന് പലപ്പോഴും ഉള്ളിന്റെയുള്ളില്‍ ആഗ്രഹിച്ചിരുന്നുവെന്ന് യൂട്യൂബ് വീഡിയോയിലാണ് റഷീദ് വെളിപ്പെടുത്തിയത്.
വിക്കറ്റ്കീപ്പറായിരുന്ന കാലത്ത് ഒട്ടേറെ മികച്ച താരങ്ങള്‍ തനിക്കു മുന്നില്‍ ബാറ്റു ചെയ്തിട്ടുണ്ട്. എന്നാല്‍ സച്ചിന്റെ ബാറ്റിങ് തീര്‍ത്തും വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് റഷീദ് പറയുന്നു. ''സച്ചിന്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ഒട്ടേറെ തവണ മനസുകൊണ്ട് അദ്ദേഹം പുറത്താകല്ലേ എന്ന ആഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിങ് കാണുന്നത് സുഖമുള്ളൊരു അനുഭവമായിരുന്നു. മറ്റെവിടെയുമല്ല, തൊട്ടുപിന്നില്‍ വിക്കറ്റിനു പിന്നില്‍ നിന്നായിരുന്നു ഞാന്‍ അദ്ദേഹത്തിന്റെ കളി കണ്ടിരുന്നത്'', റഷീദ് വ്യക്തമാക്കി.
ബ്രയാന്‍ ലാറ, റിക്കി പോണ്ടിങ്, ജാക്ക് കാലിസ് എന്നിവരെല്ലാം തനിക്കു മുന്നില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. അവരെല്ലാം പെട്ടെന്ന് പുറത്താകണേ എന്നാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ സച്ചിന്റെ പെരുമാറ്റവും രീതികളുമെല്ലാം വ്യത്യസ്തമായിരുന്നു. വിക്കറ്റിനു പിന്നില്‍നിന്ന് എത്ര തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാലും സച്ചിന്‍ പ്രതികരിക്കില്ല. വെറുതെ ചിരിക്കുക മാത്രം ചെയ്യും, റഷീദ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Former Pakistan captain reveals he enjoyed watching Sachin Tendulkar bat