ഇസ്ലാമാബാദ്: മാന്യന്‍മാരുടെ കളിയെന്നാണ് ക്രിക്കറ്റ് അറിയപ്പെടുന്നത്. എന്നാല്‍ പലപ്പോഴും താരങ്ങളുടെ മാന്യത വിട്ടുള്ള പെരുമാറ്റങ്ങള്‍ക്കും ക്രിക്കറ്റ് മൈതാനങ്ങള്‍ വേദിയായിട്ടുണ്ട്.

ഇപ്പോഴിതാ സ്വന്തം ടീമിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനു നിരക്കാത്ത ഒരു പ്രവൃത്തി വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ റഷീദ് ലത്തീഫ്. അന്ന് അതിന് ഇരയായത് എന്നും മാന്യതയുടെ പ്രതീകമായിരുന്ന മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡും. 'കോട്ട് ബിഹൈന്‍ഡ്' എന്ന യൂട്യൂബ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റഷീദ് ലത്തീഫ്.

1996-ല്‍ ഷാര്‍ജയില്‍ ഇന്ത്യയ്‌ക്കെതിരായ ഏകദിന മത്സരത്തിനിടെയായിരുന്നു സംഭവം. അന്ന് വ്യക്തിഗത സ്‌കോര്‍ മൂന്നില്‍ നില്‍ക്കെ പാകിസ്താന്‍ ലെഗ് സ്പിന്നര്‍ മുഷ്താഖ് അഹമ്മദിന്റെ പന്തില്‍ വിക്കറ്റ് കീപ്പറായിരുന്ന റഷീദ് ലത്തീഫ് പിടിച്ച് ദ്രാവിഡ് പുറത്തായി. പാക് താരങ്ങളുടെ കനത്ത അപ്പീലിനെ തുടര്‍ന്ന് അമ്പയര്‍ ഔട്ട് വിളിക്കുകയായിരുന്നു. എന്നാല്‍ അന്ന് പന്ത് ദ്രാവിഡിന്റെ ബാറ്റില്‍ തട്ടിയിരുന്നില്ല. അത് ഔട്ടല്ലെന്ന് താനടക്കമുള്ള പാക് താരങ്ങള്‍ക്ക് അറിയാമായിരുന്നു. പക്ഷേ അമ്പയര്‍ ഔട്ട് വിധിച്ചതായി റഷീദ് പറഞ്ഞു.

''ഷാര്‍ജയില്‍ ഇന്ത്യയ്‌ക്കെതിരായ ഏകദിനം. ദ്രാവിഡിന്റെ മൂന്നാമത്തെ മാത്രം ഏകദിന മത്സരമായിരുന്നു അത്. നിര്‍ഭാഗ്യവശാല്‍ വിക്കറ്റ് കീപ്പര്‍ ക്യാച്ചെടുത്ത് അദ്ദേഹം പുറത്തായി. ബൗള്‍ ചെയ്ത മുഷ്താഖ് അഹമ്മദ് ശക്തമായി അപ്പീല്‍ ചെയ്തു. അദ്ദേഹത്തിനൊപ്പം ഞങ്ങളെല്ലാവരും. അമ്പയര്‍ ഔട്ട് വിധിച്ചു. മത്സരത്തിനു ശേഷം ദ്രാവിഡ് എന്റെ അടുത്തെത്തി അത് ശരിക്കും ഔട്ടായിരുന്നോ എന്ന് ചോദിച്ചു. ആയിരുന്നില്ല സഹോദരാ എന്ന് ഞാന്‍ പറഞ്ഞു. മുഷ്താഖ് ഇത്തരത്തില്‍ വെറുതെ ശക്തമായി അപ്പീല്‍ ചെയ്യാറുണ്ട്'', റഷീദ് പറഞ്ഞു.

അന്ന് പാകിസ്താന്റെ 272 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 233 റണ്‍സിന് പുറത്തായി. 38 റണ്‍സിന്റെ തോല്‍വി.

Content Highlights: Former Pakistan captain Rashid Latif recalls Rahul Dravid's fake dismissal in 1996, India Pakistan cricket rivalry