ന്നര പതിറ്റാണ്ടിലേറെ കാലം ഫുട്ബോൾ ലോകത്ത് മുഴങ്ങിക്കേട്ട രണ്ടു പേരുകൾ, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോപ്പിലെ പ്രധാന പോരാട്ടങ്ങളിലാണെങ്കിലും ഫിഫ, യുവേഫ, ബാലൺദ്യോർ പുരസ്കാര വേദികളിലാണെങ്കിലും മറ്റ് താരങ്ങൾ ഈ രണ്ട് പേരുകളുടെ നിഴലിലായിപ്പോകുന്നത് വർഷങ്ങളായി നമ്മൾ കാണുന്നതാണ്.

ഇപ്പോഴിതാ ഏത് മഹാമേരുവിനും ഒരു അവസാനമുണ്ടാകുമെന്ന വാക്കുകൾ പോലെ ഫുട്ബോൾ ലോകത്ത് ഇരുവരുടെയും വ്യക്തിപ്രഭാവത്തിന് മങ്ങലേറ്റു തുടങ്ങിയിരിക്കുന്നു.

ചാമ്പ്യൻസ് ലീഗിൽ ശനിയാഴ്ച പുലർച്ചെ ബയേൺ മ്യൂണിക്ക്, രണ്ടിനെതിരേ എട്ടു ഗോളുകൾക്ക് ബാഴ്സലോണയെ തകർത്ത മത്സരത്തിൽ മെസ്സിക്ക് പലപ്പോഴും കാഴ്ചക്കാരന്റെ വേഷം മാത്രമായിരുന്നു. അത്ര കണ്ട് തകർന്നു പോയിരുന്നു ബാഴ്സയും താരങ്ങളും.

2004-05 സീസണിനു ശേഷം മെസ്സിയും റൊണാൾഡോയും ഇല്ലാത്ത ഒരു ചാമ്പ്യൻസ് ലീഗ് സെമിഫൈനലാണ് ഇത്തവണ നടക്കാനിരിക്കുന്നത്. കഴിഞ്ഞ 15 വർഷത്തിനിടെ ഇതാദ്യം.

മെസ്സിയുടെ ബാഴ്സയെ ക്വാർട്ടറിൽ ബയേൺ മടക്കിയപ്പോൾ പ്രീക്വാർട്ടറിൽ ലിയോണിനോട് തോറ്റ് റോണോയുടെ യുവെന്റസും മടങ്ങിയിരുന്നു.

2005-ൽ ഇസ്താംബൂളിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ എ.സി മിലാനെതിരേ ലിവർപൂളിന്റെ അസാമാന്യ തിരിച്ചുവരവ് കണ്ട മത്സരമായിരുന്നു.

ഇതോടൊപ്പം തന്നെ 2006-07 സീസണിനു ശേഷം ഇതാദ്യമായാണ് ഒരു സ്പാനിഷ് ടീം ചാമ്പ്യൻസ് ലീഗിന്റെ അവസാന നാലിൽ ഇല്ലാതിരിക്കുന്നത്.

മെസ്സി ബാഴ്സയ്ക്കൊപ്പം നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിൽ പങ്കാളിയായിട്ടുണ്ട്. റൊണാൾഡോ റയലിനൊപ്പം നാലു തവണയും മാഞ്ചെസ്റ്റർ യുണൈറ്റഡിനൊപ്പം ഒരു വട്ടവും ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടിട്ടുണ്ട്.

വർഷങ്ങളായി മെസ്സിയും റോണോയും യൂറോപ്യൻ ഫുട്ബോളിൽ സ്ഥാപിച്ച ആധിപത്യം അവസാനിക്കുന്നതിന്റെ ലക്ഷണമായി ഈ വർഷത്തെ അടയാളപ്പെടുത്താം.

2008 മുതൽ തുടർച്ചയായി ബാലൺദ്യോർ പുരസ്കാരം മെസ്സിയും റോണോയും മാറിമാറി സ്വന്തമാക്കുന്നതായിരുന്നു രീതി. 2018-ൽ ലൂക്ക മോഡ്രിച്ച് ഈ പുരസ്കാരം സ്വന്തമാക്കുന്നതു വരെ. കഴിഞ്ഞ വർഷത്തേതടക്കം മെസ്സി ആറും റൊണാൾഡോ അഞ്ചും ബാലൺദ്യോർ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇനി അത്തരമൊരു പുരസ്കാരവും ഒരു ചാമ്പ്യൻസ് ലീഗ് വിജയവും ഇരുവർക്കും സ്വന്തമാക്കാനാകുമോ?

Content Highlights: for first time in 15 years Messi and Ronaldo both miss Champions League semi