പാരിസ്: ഫുട്‌ബോള്‍ മത്സരത്തിനു ശേഷം നടന്ന അടിപിടിയില്‍ എതിര്‍ കളിക്കാരന്റെ ജനനേന്ദ്രിയും കടിച്ചുപറിച്ച താരത്തിന് അഞ്ചു വര്‍ഷത്തെ വിലക്ക്. 

കിഴക്കന്‍ ഫ്രാന്‍സിലെ ഒരു പ്രാദേശിക ഫുട്‌ബോള്‍ ലീഗിന്റെ രണ്ടാം ഡിവിഷന്‍ മത്സരത്തിനു പിന്നാലെ നടന്ന സംഭവം ഫ്രഞ്ച് മാധ്യമമായ ലാ റിപ്പബ്ലിക് ലൊറെയ്ന്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. 

2019 നവംബര്‍ 17-ന് നടന്ന പ്രാദേശിക ഫുട്‌ബോള്‍ ലീഗിലെ ടീമുകളായ ടെര്‍വില്ലെയും സോയെട്രിച്ചും തമ്മില്‍ നടന്ന മത്സരത്തിനു ശേഷമായിരുന്നു സംഭവം. മത്സരത്തിനിടെ ഇരു ടീമിലെയും രണ്ടു താരങ്ങള്‍ മൈതാനത്ത് പരസ്പരം ഏറ്റുമുട്ടിയിരുന്നു. റഫറി ഇരുവരെയും താക്കീത് ചെയ്ത ശേഷം മത്സരം തുടര്‍ന്നു. 1-1ന് മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു.

മത്സരം അവസാനിച്ച ശേഷം ഇരുവരും സ്റ്റേഡിയത്തിലെ കാര്‍പാര്‍ക്കിങ്ങില്‍ വെച്ച് വീണ്ടും ഏറ്റുമുട്ടി. ടെര്‍വില്ലെ താരങ്ങളിലൊരാള്‍ ഈ ഏറ്റുമുട്ടിയവരെ അനുനയിപ്പിക്കാന്‍ എത്തുകയും ഇരുവരെയും പിടിച്ചുമാറ്റുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ സോയെട്രിച്ച് താരം ഇയാളുടെ ജനനേന്ദ്രിയം കടിച്ചുപറിക്കുകയായിരുന്നു. പരിക്കേറ്റ താരത്തെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ജനനേന്ദ്രിയത്തില്‍ 10 തുന്നിക്കെട്ടലുകള്‍ വേണ്ടിവന്നു ഇദ്ദേഹത്തിന്.

ഫുട്‌ബോള്‍ ലീഗിന്റെ അച്ചടക്ക സമിതിയാണ് താരത്തിന് അഞ്ചു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്. കടികൊണ്ട താരത്തെ അടിപിടിയില്‍ പങ്കാളിയായെന്ന കാരണത്താല്‍ ആറു മാസത്തേക്കും വിലക്കി.

Content Highlights: Footballer gets five-year ban for biting rival's penis in post-match fight