ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയുടെയും കുഞ്ഞിന്റേതെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ വിശദീകരണവുമായി കോലിയുടെ സഹോദരന്‍ വികാസ് കോലി.
കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാമില്‍ വികാസ് കോലി ഒരു കുഞ്ഞിന്റെ കാലുകള്‍ പുതപ്പ് കൊണ്ട് മൂടിയ തരത്തിലുള്ള ചിത്രം പങ്കുവെച്ചിരുന്നു. മാലാഖ വീട്ടിലെത്തി എന്ന കുറിപ്പോടെയായിരുന്നു അദ്ദേഹം ചിത്രം പങ്കുവെച്ചിരുന്നത്. ഈ ചിത്രം കോലിയുടെയും അനുഷ്‌കയുടെയും കുഞ്ഞിന്റേതാണെന്ന തരത്തില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
ഇതോടെയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി വികാസ് തന്നെ രംഗത്തെത്തിയത്. ഇത് കോലിയുടെയും അനുഷ്‌കയുടെയും കുഞ്ഞിന്റെ ചിത്രമല്ലെന്നും അവരെ അഭിനന്ദിക്കാനായി താന്‍ വെറുതെ ഒരു കുഞ്ഞിന്റെ ചിത്രമെടുത്ത് പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും വികാസ് വ്യക്തമാക്കി. ചില മാധ്യമങ്ങളും ഈ ചിത്രം പങ്കുവെച്ചതോടെയാണ് താന്‍ ഇപ്പോള്‍ വിശദീകരണം നല്‍കുന്നതെന്നും അദ്ദേഹം ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു.
ജനുവരി 11-ന് ഉച്ചയ്ക്ക് ശേഷമാണ് തങ്ങള്‍ക്ക് പെണ്‍കുഞ്ഞ് പിറന്ന കാര്യം കോലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടയ്ക്ക് വച്ച് കോലി നാട്ടിലേക്ക് മടങ്ങിയിരുന്നു.
Content Highlights: First pic of Anushka Sharma and Virat Kohli daughter goes viral