ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അര്‍ധ സെഞ്ചുറിയോടെ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത് യുവതാരം പൃഥ്വി ഷാ ആയിരുന്നു. 

പച്ചപ്പ് നിറഞ്ഞ പിച്ചില്‍ കിവീസ് പേസര്‍മാരെ നിര്‍ഭയം നേരിട്ട താരം 64 പന്തില്‍ നിന്ന് ഒരു സിക്‌സും എട്ടു ഫോറുമടക്കം 54 റണ്‍സെടുത്താണ് മടങ്ങിയത്.

വിദേശ പിച്ചില്‍ താരത്തിന്റെ ആദ്യ അര്‍ധ സെഞ്ചുറിയാണിത്. 61 പന്തിലാണ് ഷാ അര്‍ധസെഞ്ചുറി തികച്ചത്. അതും വാഗ്നറെ സിക്‌സറിന് പറത്തി.

ഇതോടെ കിവീസ് മണ്ണില്‍ അര്‍ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന നേട്ടവും ഷാ സ്വന്തമാക്കി. 20 വര്‍ഷവും 112 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ ഈ നേട്ടം. 1990-ലെ പര്യടനത്തില്‍ 16 വര്‍ഷവും 291 ദിവസവും പ്രായമുള്ളപ്പോള്‍ ഈ നേട്ടം സ്വന്തമാക്കിയ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് കിവീസ് മണ്ണില്‍ അര്‍ധസെഞ്ചുറി നേടിയ പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം.

പട്ടികയിലെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ 

അതുല്‍ വാസന്‍ - 1990 - 21 വര്‍ഷവും 336 ദിവസവും
ബ്രിജേഷ് പട്ടേല്‍ - 1976 - 23 വര്‍ഷവും 81 ദിവസവും
സന്ദീപ് പാട്ടീല്‍ - 1981 - 24 വര്‍ഷവും 187 ദിവസവും

Content Highlights: fifty in Christchurch Prithvi Shaw enters record books with sachin