ബാഴ്സലോണ: തങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബിന്റെ എല്ലാമെല്ലാമായ ലയണൽ മെസ്സി ക്ലബ്ബ് വിടാൻ തീരുമാനമെടുത്തതിന്റെ ആഘാതത്തിലാണ് ബാഴ്സലോണ ആരാധകർ.

കഴിഞ്ഞ ഒരു വർഷത്തോളമായി ക്ലബ്ബ് മാനേജ്മെന്റും പ്രസിഡന്റ് പ്രസിഡന്റ് ജോസഫ് മരിയ ബർത്തോമ്യുവുമായി മെസ്സി അത്ര നല്ല ബന്ധത്തിലായിരുന്നില്ല. യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനോട് രണ്ടിനെതിരേ എട്ടു ഗോളുകളുടെ നാണംകെട്ട തോൽവി കൂടിയായതോടെയാണ് മെസ്സി ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതെന്നാണ് സൂചന.

എന്നാൽ ബാഴ്സലോണ എന്ന ക്ലബ്ബിന്റെ ഐക്കണായ മെസ്സി ക്യാമ്പ് നൗ വിടുന്നത് ആരാധകർക്ക് സഹിക്കാൻ ആകുന്നതിനും അപ്പുറമാണ്. മെസ്സിയുടെ തീരുമാനം ആരാധകർ ക്ലബ്ബ് മാനേജ്മെന്റിനെതിരേ തിരിയാൻ കാരണമായി.

ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നതായി കാണിച്ച് മെസ്സി ബാഴ്സ മാനേജ്മെന്റിന് കത്ത് നൽകിയതിനു പിന്നാലെ ചൊവ്വാഴ്ച രാത്രി നൂറിലേറെ വരുന്ന ബാഴ്സലോണ ആരാധകർ താരത്തോട് ക്ലബ്ബ് വിട്ട് പോകരുതെന്ന മുദ്രാവാക്യവുമായി ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിന് പുറത്ത് പ്രകടനം നടത്തി. 'മെസ്സീ പോകരുത്, ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു', എന്ന മുദ്രാവാക്യം മുഴക്കിയ ആരാധകർ ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മരിയ ബർത്തോമ്യുവിന്റെ രാജിക്കായി ആക്രോശിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ കൂടിയും മറ്റും നിരവധി പേരാണ് മെസ്സിയോട് ബാഴ്സലോണ വിടരുതെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

ഈ ഓഗസ്റ്റിനു ശേഷം ക്ലബ് വിടാമെന്ന കരാറിലെ നിബന്ധന അനുസരിച്ചാണ് മെസ്സി ട്രാൻസ്‌ഫറിനുള്ള അപേക്ഷ നൽകിയിട്ടുള്ളത്. കരാർ അവസാനിപ്പിക്കുകയാണെന്നറിയിച്ച് മെസ്സി കത്തു നൽകിയതായി ക്ലബ് സ്ഥിരീകരിച്ചു.

Content Highlights: Fans urge Lionel Messi to not leave Barcelona