ഗോള്‍ഡ് കോസ്റ്റ്: ഏഴു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഈ വര്‍ഷം ജൂണിലാണ് ആദ്യമായി ഒരു ടെസ്റ്റ് മത്സരം കളിച്ചത്. അന്ന് ഇംഗ്ലണ്ടിനെതിരേ ബ്രിസ്‌റ്റോളില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യ സമനില നേടുകയും ചെയ്തു. നിലവില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ള ഇന്ത്യ മികച്ച ഫോമിലാണ്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ മികച്ച നിലയിലാണ്.

എന്നിട്ടും ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിനോട് ബിസിസിഐയ്ക്ക് അവഗണനയാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പ് ടോസിനായി വന്നപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് ബ്ലേസറും (പുറങ്കുപ്പായം) ക്യാപ്പും ധരിച്ചിരുന്നില്ല. ഇന്ത്യന്‍ പുരുഷ ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഇതു രണ്ടും നല്‍കുമ്പോള്‍ വനിതാ ടീമിനോട് എന്തിനാണ് ഈ വിവേചനം എന്ന് ആരാധകര്‍ ചോദിക്കുന്നു. 

അതേസമയം, ഓസ്‌ട്രേലിയയുടെ വനിതാ ടീം ക്യാപ്റ്റന്‍ മെഗ് ലാനിങ് ബ്ലേസറും ക്യാപ്പും ധരിച്ചിരുന്നു. നേരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലും മിതാലി ഇതേ അവഗണനയാണ് നേരിട്ടത്. അന്നും ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ് പുറങ്കുപ്പായവും തൊപ്പിയും അണിഞ്ഞിരുന്നു. 

മിതാലി ടെസ്റ്റ് ജഴ്‌സി മാത്രം ധരിച്ച് നില്‍ക്കുന്ന ചിത്രം നിരവധി ആരാധകരാണ് ട്വീറ്റ് ചെയ്തത്. ബിസിസിഐയെ ടാഗ് ചെയ്തായിരുന്നു ഈ ട്വീറ്റുകളെല്ലാം. സാധാരണ ടെസ്റ്റ് മത്സരങ്ങള്‍ക്ക് പോലും വിരാട് കോലിക്ക് ബ്ലേസര്‍ ലഭിക്കുമ്പോള്‍ ചരിത്ര ടെസ്റ്റ് ആയിട്ടുപോലും മിതാലിയോട് വിവേചനം കാണിച്ചെന്ന് ആരാധകര്‍ ട്വീറ്റില്‍ പറയുന്നു. എന്നാല്‍ മിതാലി രാജും ബിസിസിഐയും ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

Content Highlights: Fans miffed as Mithali Raj doesn’t sport blazer during toss against Australia