ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പയിലെ തോല്‍വിക്ക് പിന്നാലെ ആദ്യ ടെസ്റ്റിലും തോറ്റ ഇന്ത്യന്‍ ടീമിനോടുള്ള ആരാധകരുടെ രോഷം ഇതുവരെ അടങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളും ആരാധകരുടെ രോഷത്തിന് ഇരയായി. മായങ്ക് ട്വിറ്ററില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇതിന് കാരണം. 

രണ്ടാം ടെസ്റ്റിനായി വെല്ലിങ്ടണില്‍ നിന്ന് ക്രൈസ്റ്റ് ചര്‍ച്ചിലേക്കുള്ള യാത്രയ്ക്കിടെ എടുത്തതാണ് ഈ ചിത്രം. വിരാട് കോലിയും ഇഷാന്ത് ശര്‍മ്മയും ഋഷഭ് പന്തും ഈ ചിത്രത്തില്‍ മായങ്കിനൊപ്പമുണ്ട്. സിനിമാ സ്റ്റൈലില്‍ സ്ലോ മോഷനില്‍ നടന്നുവരികയാണ് നാലു പേരും.

എന്നാല്‍ ആരാധകര്‍ക്ക് ഇത് അത്ര രസിച്ചില്ല. കാഴ്ച്ച കണ്ടുനടക്കാതെ പരിശീലനത്തിന് സമയം കണ്ടെത്താനായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഇത്തരത്തില്‍ പോസ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യയിലേക്ക് ഇതേ സ്റ്റൈലില്‍ തന്നെ തിരിച്ചുവരണമെന്നും ആരാധകര്‍ ട്വീറ്റ് ചെയ്യുന്നു. ന്യൂസീലന്‍ഡിലേക്കുള്ള നിങ്ങളുടെ സൗജന്യ യാത്ര ആസ്വദിക്കൂ എന്നായിരുന്നു മറ്റൊരു ആരാധകന്റെ പരിഹാസം.

Content Highlights: Fans lashes out at Indian players over Mayank Agarwal’s tweet