ലോര്‍ഡ്‌സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ ഗ്രൗണ്ടില്‍ ഒരു അപ്രതീക്ഷിത അതിഥി എത്തി. മൂന്നാം ദിനം ഇംഗ്ലണ്ടിന്റെ ബാറ്റിങ് പുരോഗമിക്കുന്നതിനിടെയാണ് ഈ അതിഥിയുടെ രംഗപ്രവേശനം. 

ഒരു ഇംഗ്ലീഷ് ആരാധകനാണ് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലെത്തിയത്. ബൈജൂസ് എന്നെഴുതിയ ഇന്ത്യയുടെ അതേ ടെസ്റ്റ് ജഴ്‌സി അണിഞ്ഞാണ് ഇയാള്‍ കളിക്കാര്‍ക്കൊപ്പം ചേര്‍ന്നത് എന്നതാണ് രസകരം. ജഴ്‌സിയുടെ പിന്നില്‍ 'ജാര്‍വോ 69' എന്നും എഴുതിയിരുന്നു.

താരങ്ങളുടെ അടുത്ത് എത്തിയപ്പോഴേക്കും സുരക്ഷാ ജീവനക്കാര്‍ വന്ന് കൈയോടെ പിടിച്ചു. ജഴ്‌സിയില്‍ എഴുതിയ സ്‌പോണ്‍സര്‍മാരുടെ പേരും ലോഗോയും കാണിച്ച് താന്‍ ഇന്ത്യന്‍ കളിക്കാരന്‍ ആണെന്ന് സുരക്ഷാ ജീവനക്കാരെ ബോധ്യപ്പെടുത്താന്‍ ഇയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതുകണ്ട് മുഹമ്മദ് സിറാജ് അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ചിരിയടക്കാനായില്ല. ഒടുവില്‍ കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും സുരക്ഷാ ജീവനക്കാര്‍ ഈ ആരാധകനെ ഗ്രൗണ്ടിന് പുറത്തെത്തിച്ചു.

Content Highlights: Fan Walks Into Ground With India Jersey, Tries Convincing Security He is a Player India vs England