പോര്‍ട്ട് എലിസബത്ത്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഫാഫ് ഡുപ്ലെസിസും ഡോവിഡ് മില്ലറും ചേര്‍ന്നെടുത്ത ക്യാച്ച് കണ്ട് അമ്പരന്ന് കാണികള്‍. ഓസീസ് താരം മിച്ചല്‍ മാര്‍ഷ് ഗാലറി ലക്ഷ്യമാക്കി അടിച്ച പന്താണ് ഇരുവരും ചേര്‍ന്ന് കൈപ്പിടിയിലൊതുക്കിയത്. ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സിലെ 18-ാം ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം.

ഏഴു വിക്കറ്റ് കൈയിലിരിക്കെ അവസാന 14 പന്തില്‍ ഓസീസിന് വിജയത്തിലേക്ക് വേണ്ടത് 21 റണ്‍സ് മാത്രമായിരുന്നു. ലുങ്കി എന്‍ഗിഡി എറിഞ്ഞ പന്ത് മിച്ചല്‍ മാര്‍ഷ് ഉയര്‍ത്തിയടിച്ചു. ഇതു ക്യാച്ച് ചെയ്യാനായി ഫാഫ് ഡുപ്ലെസിസും ഡേവിഡ് മില്ലറും ഓടി. ബൗണ്ടറി ലൈനിന് അരികില്‍ വെച്ച് ഡുപ്ലെസിസ് ഈ പന്ത് കൈക്കലാക്കി. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട ഡുപ്ലെസിസിന് പന്തുമായി ബൗണ്ടറി ലൈനിന് അപ്പുറം വീഴുമെന്ന് ഉറപ്പായി. ഇതോടെ തൊട്ടുപിന്നിലുണ്ടായിരുന്നു മില്ലര്‍ക്ക് പന്ത് എറിഞ്ഞുകൊടുത്തു. നിലംപതിക്കുന്നതിനിടെ ഡുപ്ലെസിസിന്റെ ഏറ് കൃത്യമായില്ലെങ്കിലും ഡൈവ് ചെയ്ത് മില്ലര്‍ അതു കൈപ്പിടിയിലൊതുക്കി. ഇതോടെ എട്ടു പന്തില്‍ ആറു റണ്‍സെടുത്ത് മാര്‍ഷ് പുറത്ത്.

മത്സരത്തില്‍ 159 റണ്‍സ് വിജയലക്ഷ്യവുമായി കളിച്ച ഓസ്‌ട്രേലിയക്ക് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ 12 റണ്‍സിന് ദക്ഷിണാഫ്രിക്ക വിജയിച്ചു. 

Content Highlights: Faf du Plessis, David Millers Catch To Dismiss Mitchell Marsh South Africa vs Australia