അഹമ്മദാബാദ്: മൊട്ടേരയിലെ പുതിക്കിപ്പണിത നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടുകയായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍.

ഒന്നാം ഇന്നിങ്‌സില്‍ വെറും 112 റണ്‍സിന് കൂടാരം കയറിയ ഇംഗ്ലണ്ട് 71 വര്‍ഷത്തിനിടെ സംഭവിച്ച ഒരു നാണക്കേടുകൂടി സ്വന്തമാക്കി.

1950-ന് ശേഷം ഇതാദ്യമായാണ് ഒന്നാം ഇന്നിങ്‌സില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശേഷം ഇംഗ്ലണ്ട് ഇത്രയും ചെറിയ സ്‌കോറില്‍ പുറത്താകുന്നത്. 

അതോടൊപ്പം ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരേ ഇംഗ്ലണ്ടിന്റെ നാലാമത്തെ ചെറിയ സ്‌കോറാണിത്.

നാട്ടുകാരനായ അക്‌സര്‍ പട്ടേലിന്റെ ബൗളിങ് മികവാണ് ഇംഗ്ലണ്ടിനെ ഈ നാണക്കേടിലേക്ക് തള്ളിവിട്ടത്. 38 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത അക്സറിന്റെ ബൗളിങ് മികവിന് മറുപടി നല്‍കാന്‍ ഇംഗ്ലണ്ടിനായില്ല. അശ്വിന്‍ 26 റണ്‍സിന് മൂന്നുവിക്കറ്റെടുത്തപ്പോള്‍ ഒരു വിക്കറ്റ് ഇഷാന്ത് ശര്‍മ നേടി.

ഓപ്പണര്‍ സാക് ക്രോളിയുടെ (84 പന്തില്‍ 53) ചെറുത്തുനില്‍പ്പ് ഇല്ലായിരുന്നെങ്കില്‍ ഇംഗ്ലണ്ടിന്റെ പതനം ദയനീയമായേനെ.

Content Highlights: England succumbed their lowest 1st innings score after opting to bat first since 1950