മാഞ്ചെസ്റ്റര്‍ ടെസ്റ്റിന്റെ ആദ്യ മൂന്നു ദിവസങ്ങള്‍ പാകിസ്താന്‍ ടീമിന് സ്വന്തമായിരുന്നു. ഇംഗ്ലണ്ടിനെ തകര്‍ത്ത് അവര്‍ വിജയത്തിലെത്തുമെന്നു തന്നെയായിരുന്നു ക്രിക്കറ്റ് ലോകം കരുതിയിരുന്നത്. എന്നാല്‍ നിര്‍ണായകമായ നാലാം ദിനം ഇംഗ്ലണ്ട് പകരം വെയ്ക്കാനില്ലാത്ത പോരാട്ട വീര്യം പുറത്തെടുത്തതോടെ ആദ്യമായി പാകിസ്താന്റെ കൈയില്‍ നിന്നും മത്സരം വഴുതി. വിക്കറ്റിനു പിന്നിലെ പിഴവുകള്‍ക്ക് ജോസ് ബട്ട്‌ലര്‍ വിക്കറ്റിനു മുന്നില്‍ പ്രായശ്ചിത്തം ചെയ്തപ്പോള്‍ പന്ത് കൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും തനിക്ക് മത്സരം ജയിപ്പിക്കാനാകുമെന്ന് ക്രിസ് വോക്‌സ് തെളിയിച്ചു.

പാകിസ്താന്‍ ഉയര്‍ത്തിയ 277 റണ്‍സെന്ന വിജയലക്ഷ്യം ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നപ്പോള്‍ അവിടെ പിറന്നത് കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടെ ഒരിക്കല്‍ പോലും നടന്നിട്ടില്ലാത്ത കാര്യമായിരുന്നു. 2000-ന് ശേഷം ഇതാദ്യമായാണ് പാകിസ്താനെതിരേ ടെസ്റ്റില്‍ 250 റണ്‍സിനു മുകളിലുള്ള ലക്ഷ്യം പിന്തുടര്‍ന്ന് ഒരു ടീം ജയം സ്വന്തമാക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിനു മുമ്പ് 2000-ന് ശേഷം 34 ടെസ്റ്റുകളിലാണ് പാകിസ്താന്‍ ലക്ഷ്യം പ്രതിരോധിച്ചിട്ടുള്ളത്. ഇതില്‍ 26 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ എട്ട് മത്സരങ്ങള്‍ സമനിലയിലായി. ഒന്നില്‍ പോലും തോറ്റിട്ടില്ലായിരുന്നു. ആ ചരിത്രം ബട്ട്‌ലറും വോക്‌സും ചേര്‍ന്ന് തിരുത്തി.

ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന 10-ാമത്തെ റണ്‍ ചേസ് ജയമാണിത്. നാട്ടില്‍ ആറാമത്തേതും. ടെസ്റ്റില്‍ 164 തവണ ഇംഗ്ലണ്ടിനു മുന്നില്‍ 275-ന് മുകളിലുള്ള വിജയലക്ഷ്യം വന്നിട്ടുണ്ട്. ഇതില്‍ 10 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ 103 എണ്ണത്തില്‍ തോറ്റു. 51 മത്സരങ്ങള്‍ സമനിലയിലായി.

England become first Test team since 2000 to chase 250 run plus target against Pakistan
ജോസ് ബട്ട്‌ലറും ക്രിസ് വോക്‌സും

മൂന്നു ദിവസവും നാലാം ദിനം തുടക്കത്തിലും കാര്യങ്ങള്‍ പാകിസ്താന് അനുകൂലമായിരുന്നു. അവരുടെ ഫീല്‍ഡര്‍മാരും ബൗളര്‍മാരും വായ കൊണ്ടും വെറുതെയിരുന്നില്ല. പുറത്തായി ഡ്രസ്സിങ് റൂമിലേക്ക് നടക്കുന്നതിനിടെ പാക് താരങ്ങളോട് മിണ്ടാതിരിക്കാന്‍ ഒലി പോപ്പിന് ആവശ്യപ്പെടേണ്ടിയും വന്നു. അഞ്ചിന് 117 എന്ന നിലയില്‍ തകര്‍ന്നതോടെ ഇംഗ്ലണ്ട് തോല്‍വി മുന്നില്‍ കണ്ടിരുന്നു. പക്ഷേ മത്സരം അങ്ങനെ വിട്ടുകൊടുക്കാന്‍ ജോസ് ബട്ട്‌ലറും ക്രിസ് വോക്‌സും ഉദ്ദേശിച്ചിട്ടില്ലായിരുന്നു. ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഈ സഖ്യം ജയിക്കാനുറച്ചു തന്നെയാണ് ബാറ്റ് ചെയ്തത്. ആക്രണമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന് തെളിയിച്ച് ഏകദിന ശൈലിയിലാണ് ഇരുവരും ബാറ്റ് വീശിയത്. 

ആറാം വിക്കറ്റില്‍ ഇവര്‍ കുറിച്ച 139 റണ്‍സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ ജയത്തിനു പിന്നിലെ ചാലക ശക്തി. ആദ്യ മൂന്നു ദിവസം പാകിസ്താന് പിന്നിലായിപ്പോയ ഇംഗ്ലണ്ട് നാലാം ദിനം ഉജ്വലമായി തിരിച്ചുവന്നത് ബട്ട്‌ലറുടെയും വോക്‌സിന്റെയും പോരാട്ടവീര്യം കൊണ്ടായിരുന്നു.

ജോസ് ബട്ട്ലര്‍ 101 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സുമടക്കം 75 റണ്‍സെടുത്തപ്പോള്‍ ക്രിസ് വോക്സ് 120 പന്തില്‍ 10 ബൗണ്ടറികളോടെ 84 റണ്‍സുമായി പുറത്താകാതെ നിന്നു. വോക്സാണ് കളിയിലെ താരവും.

England become first Test team since 2000 to chase 250 run plus target against Pakistan
നസീം ഷാ

ക്യാപ്റ്റന്റെ വിക്കറ്റെടുത്ത പയ്യന്‍

മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെ പുറത്താക്കിയ പാകിസ്താന്റെ കൗമാര താരം നസീം ഷാ ഒരു റെക്കോഡും സ്വന്തം പേരിലാക്കി. ടെസ്റ്റില്‍ ക്യാപ്റ്റന്റെ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് നസീം സ്വന്തമാക്കിയത്. റൂട്ടിനെ പുറത്താക്കുമ്പോള്‍ 17 വര്‍ഷവും 175 ദിവസവുമാണ് നസീമിന്റെ പ്രായം. ക്യാപ്റ്റന്റെ വിക്കറ്റെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഇന്ത്യന്‍ താരം പിയുഷ് ചൗളയുടെ പേരിലാണ്. 17 വര്‍ഷവും 79 ദിവസവും പ്രായമുള്ളപ്പോള്‍ ചൗള ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ആന്‍ഡ്രു ഫ്‌ളിന്റോഫിനെ പുറത്താക്കിയിട്ടുണ്ട്.

Content Highlights: England become first Test team since 2000 to chase 250 run plus target against Pakistan