പാരിസ്: വിമാനാപകടത്തില്‍ മരിച്ച കാര്‍ഡിഫ് സ്‌ട്രൈക്കര്‍ എമിലിയാനോ സലയുടെ രഹസ്യ കാമുകിയെന്ന അവകാശവാദവുമായി വോളിബോള്‍ താരം രംഗത്ത്. 

ഫ്രഞ്ച് വോളിബോള്‍ ക്ലബ്ബ് ബെസിയേഴ്‌സ് ഏയ്ഞ്ചല്‍സിന്റെ താരം ലൂയിസ ഉന്‍ഗെറര്‍ എന്ന മുപ്പത്തൊന്നുകാരിയാണ് സലയുമായി പ്രണയത്തിലായിരുന്നെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇടതു കൈയില്‍ പൂക്കള്‍ക്കൊപ്പം സലയുടെ ജേഴ്‌സി നമ്പര്‍ 'ഒമ്പത്' ടാറ്റൂ ചെയ്ത ചിത്രവും ലൂയിസ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'എന്നും നിനക്കായ് എമി' എന്ന കുറിപ്പോടെയാണ് യുവതി ചിത്രം പങ്കുവെച്ചിരിക്കുന്നത്. സലയുടെ മരണ വാര്‍ത്തയോട് 'നിന്നെ ഞാന്‍ എന്നെന്നേക്കുമായി സ്‌നേഹിക്കാന്‍ പോകുന്നു' എന്ന് കുറിച്ചാണ് ലൂയിസ പ്രതികരിച്ചത്.

ബ്രസീലിയന്‍ വാര്‍ത്താ വെബ്‌സൈറ്റായ ഗ്ലോബോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ സലയുമായി പ്രണയത്തിലായിരുന്നുവെന്ന് ലൂയിസ വെളിപ്പെടുത്തിയത്. ഫ്രഞ്ച് ടീമുകള്‍ക്കായാണ് ഇരുവരും കളിച്ചിരുന്നത്. അങ്ങനെയാണ് സലയെ പരിചയപ്പെട്ടതെന്നും യുവതി പറഞ്ഞു.

emiliano Sala s secret lover dedicates memorial tattoo to C

സലയെ അവസാനമായി കണ്ടത് താരത്തിന്റെ പിറന്നാളിന്റെ അന്നായിരുന്നുവെന്നും ലൂയിസ പറഞ്ഞു. സലയുമായി നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്ക് പറന്ന വിമാനം കാണാതാകുന്നതിന് ഒരാഴ്ച മുന്‍പായിരുന്നു ഇത്.

ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപം ഇംഗ്ലീഷ് ചാനലിന് മുകളില്‍ വെച്ചാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് നാന്റെസ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു താരം.

തുടര്‍ന്ന് തിരച്ചില്‍ എയര്‍ അക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് (എ.എ.ഐ.ബി) വിമാനാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്ന് ഫെബ്രുവരി ആറിന് സലയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

Content Highlights: Emiliano Sala s secret lover dedicates memorial tattoo to Cardiff City striker