ട്വന്റി-20യിലും ഏകദിനത്തിലും മാത്രമല്ല, ടെസ്റ്റിലും അദ്ഭുതങ്ങള്‍ സംഭവിക്കുമെന്ന് ബംഗ്ലാദേശ് തെളിയിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസീലന്‍ഡിനെ അവരുടെ മണ്ണില്‍ ബംഗ്ലാ കടുവകള്‍ വിറപ്പിക്കുന്നത് അമ്പരപ്പോടെയാണ് ക്രിക്കറ്റ് ആരാധകര്‍ കണ്ടിരുന്നത്. രണ്ടാമിന്നിങ്‌സില്‍ ന്യൂസീലന്‍ഡിനെ വേഗത്തില്‍ പുറത്താക്കിയ പേസ് ബൗളര്‍ എബാദത് ഹുസൈന്റെ പ്രകടനമാണ് ബംഗ്ലാ വിജയത്തിന്റെ ഇന്ധനം.

21 ഓവറില്‍ 46 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത് പ്ലെയര്‍ ഓഫ് ദ മാച്ച് ആയ എബാദത്ത് മത്സരശേഷവും താരമായി. സമ്മാനദാനച്ചടങ്ങിന് ശേഷം നടന്ന എബാദത്തുമായുള്ള അഭിമുഖം ആരാധകര്‍ ഏറ്റെടുത്തു.  ന്യൂസീലന്‍ഡിനെ അവരുടെ മണ്ണില്‍ തോല്‍പ്പിക്കുമെന്ന് പരമ്പരയ്ക്കു മുമ്പുതന്നെ ബംഗ്ലാദേശ് ഉറപ്പിച്ചിരുന്നുവെന്ന് എബാദത് പറയുന്നു.

'കഴിഞ്ഞ 21 വര്‍ഷമായി ഞങ്ങള്‍ ന്യൂസീലന്‍ഡ് മണ്ണില്‍ വിജയിച്ചിട്ടില്ല. ഇത്തവണ ഞങ്ങള്‍ ഒരു ലക്ഷ്യം മുന്നില്‍വെച്ചു. ഞങ്ങള്‍ക്ക് അത് കഴിയും എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. അവര്‍ ടെസ്റ്റ് ചാമ്പ്യന്‍മാരാണ്. അവരെ തോല്‍പ്പിക്കാനായാല്‍ അത് ബംഗ്ലാദേശിലെ യുവതലമുറയ്ക്ക് പ്രചോദനമാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഒട്ടിസ് ഗിബ്‌സന് കീഴിലാണ് പരിശീലനം. വിദേശ പിച്ചുകളില്‍ എങ്ങനെ ബൗള്‍ ചെയ്യണം എന്നത് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. വിജയത്തിനായി നമ്മള്‍ അല്‍പം കാത്തിരിക്കണം.' എബാദത് പറയുന്നു.

ഓരോ വിക്കറ്റ് വീഴ്ത്തുമ്പോഴും സല്യൂട്ട് അടിച്ച് ആഘോഷിച്ചതിന്റെ പിന്നിലുള്ള രഹസ്യവും പേസ് ബൗളര്‍ വെളിപ്പെടുത്തി. 'ഞാന്‍ ബംഗ്ലാദേശ് എയര്‍ഫോഴ്‌സിന്റെ ഭാഗമാണ്. അതാണ് സല്യൂട്ട് അടിക്കാന്‍ കാരണം. ആദ്യം വോളിബോളിനോട് ആയിരുന്നു താത്പര്യം. അവിടെ നിന്ന് ക്രിക്കറ്റിലെത്തിയത് നീണ്ട കഥയാണ്.' എബാദത്ത് വ്യക്തമാക്കുന്നു. 

Content Highlights: Ebadot Hossain Gives One Of The Best Post Match Interviews Ever After Bangladesh's Historic Test Win