ചെന്നൈ: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരങ്ങളാണ് എം.എസ് ധോനിയും വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയും. ടൂര്‍ണമെന്റിനിടെ രസകരമായ നിരവധി സംഭവങ്ങള്‍ ഓരോ ടീമിലും അരങ്ങേറാറുണ്ട്. ഇപ്പോഴിതാ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ ധോനിയുമായി ഓട്ടമത്സരം വെക്കേണ്ടിവന്ന സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രാവോ.

ഇന്‍സ്റ്റഗ്രാം ലൈവ് ഷോയിലായിരുന്നു ബ്രാവോയുടെ വെളിപ്പെടുത്തല്‍. 2018-ല്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സിനെ തോല്‍പിച്ച് ചെന്നൈ കിരീടം നേടിയതിനു ശേഷമായിരുന്നു പിച്ചില്‍ ഇരുവരുടെയും ഓട്ടമത്സരം.

''ആ സീസണ്‍ മുഴുവന്‍ എന്നെ വയസനെന്നും വേഗതയില്ലാത്തവനെന്നുമാണ് ധോനി കളിയാക്കി വിളിച്ചിരുന്നത്. എന്നാല്‍ വിക്കറ്റുകള്‍ക്കിടയില്‍ ഒരു ഓട്ടമത്സരത്തിനുണ്ടോ എന്ന് അന്ന് ഞാന്‍ ധോനിയെ വെല്ലുവിളിച്ചു. താനില്ലെന്നായിരുന്നു മറുപടി. എന്നാല്‍ ടൂര്‍ണമെന്റ് കഴിഞ്ഞ് നോക്കാമെന്ന് ഞാന്‍ പറഞ്ഞു. ടൂര്‍ണമെന്റിനിടെ ഓട്ടമത്സരം നടത്തി ഞങ്ങളില്‍ ആരുടെയെങ്കിലും പേശികള്‍ക്ക് പരിക്കേല്‍ക്കുമെന്ന് കരുതി മുന്‍കരുതലെടുത്താണ് അങ്ങനെ പറഞ്ഞത്. ഒടുവില്‍ ഫൈനലിനു ശേഷം ഞങ്ങള്‍ മൂന്നു റൗണ്ട് മത്സരം നടത്തി. കടുപ്പമേറിയ മത്സരമായിരുന്നു. ധോനി എന്നെ തോല്‍പ്പിച്ചു. അയാള്‍ക്ക് നല്ല വേഗതയാണ്'', ബ്രാവോ പറഞ്ഞു.

ധോനിയും കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്ങും തന്നിലര്‍പ്പിച്ച വിശ്വാസം കാരണമാണ് ചെന്നൈക്കായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചതെന്നും ബ്രാവോ കൂട്ടിച്ചേര്‍ത്തു.

Content Highlights: Dwyane Bravo challenged MS Dhoni for a race after IPL 2018 final