മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനു ശേഷം വാര്‍ത്തകളില്‍ നിറയുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ദീര്‍ഘനാളത്തെ ഏകദിന - ടെസ്റ്റ് മത്സര സീസണുകള്‍ക്ക് ശേഷം ട്വന്റി 20-യിലേക്ക് തിരിച്ചെത്തിയ കോലി വെടിക്കെട്ട് പ്രകടനമാണ് കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരേ പുറത്തെടുത്തത്.
വിവിധ കോണുകളില്‍ നിന്നും കോലിക്ക് അഭിനന്ദന പ്രവാഹമാണ്. ഇതില്‍ ബോളിവുഡിന്റെ സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ ട്വീറ്റ് ഏറെ ശ്രദ്ധേയമായി. വിന്‍ഡീസ് താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ താന്‍ അഭിനയിച്ച അമര്‍ അക്ബര്‍ അന്തോണിയിലെ പ്രസിദ്ധമായ ഡയലോഗാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
''വെറുതേ കോലിയെ കളിയാക്കാന്‍ പോകരുതെന്ന് എത്രവട്ടം ഞാന്‍ നിങ്ങളോട് പറഞ്ഞിരിക്കുന്നു. പക്ഷേ നിങ്ങളത് കേട്ടില്ല. ഇപ്പോള്‍ നോക്കൂ, അദ്ദേഹം നിങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരിക്കുന്നു. വെസ്റ്റിന്‍ഡീസുകാരുടെ മുഖത്തേക്ക് ഒന്ന് നോക്കൂ, അദ്ദേഹം എത്രത്തോളം അവരെ ശരിയാക്കിയെന്ന്'', ബച്ചന്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
50 പന്തുകളില്‍ നിന്ന് ആറു വീതം സിക്സും ഫോറും സഹിതം 94 റണ്‍സുമായി പുറത്താകാതെനിന്ന കോലിയുടെ മികവില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ എട്ടു പന്തുകളും ആറു വിക്കറ്റും ബാക്കിനില്‍ക്കെ മറികടന്നു. കരിയറിലെ 23-ാം അര്‍ധസെഞ്ചുറിയും ട്വന്റി 20-യിലെ ഉയര്‍ന്ന സ്‌കോറും കോലി സ്വന്തമാക്കിയ മത്സരമായിരുന്നു ഇത്.
രാജ്യാന്തര ട്വന്റി 20-യില്‍ ഏറ്റവും കൂടുതല്‍ തവണ 50 റണ്‍സ് പിന്നിടുന്ന താരമെന്ന നേട്ടവും സ്വന്തമാക്കിയാണ് കോലി മടങ്ങിയത്.
Content Highlights: Don’t tease Virat Kohli Amitabh Bachchan warns Windies bowlers