റാഞ്ചി: എം.എസ് ധോനിയുടെ ഒരു ഇന്‍സ്റ്റഗ്രാം വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയം. ധോനി ബാഹുബലി ആയോ എന്നാണ് ഈ വീഡിയോ കണ്ട് ആരാധകര്‍ ചോദിക്കുന്നത്. ധോനിയുടെ ജന്മസ്ഥലമായ റാഞ്ചിയിലെ ഒരു വെള്ളച്ചാട്ടത്തിന് താഴെ നിന്ന് ധോനി കുളിക്കുന്നതാണ് വീഡിയോ.

ഞായറാഴ്ച്ച പോസ്റ്റ് ചെയ്ത ഈ വീഡിയോയോടൊപ്പം ഒരു കുറിപ്പുമെഴുതിയിട്ടുണ്ട് ധോനി. 'റാഞ്ചിയില്‍ തന്നെ മൂന്ന് വെള്ളച്ചാട്ടങ്ങളുണ്ട്. എപ്പോള്‍ വേണമെങ്കിലു നമുക്ക് ഇങ്ങിനെ ചെയ്യാം. പക്ഷേ പത്ത് വര്‍ഷത്തിന് ശേഷമാണ് ഇങ്ങിനെ വെള്ളച്ചാട്ടത്തിന് താഴെ നില്‍ക്കുന്നത്. പഴയ ഓര്‍മ്മകളൊക്കെ തിരിച്ചുവരുന്നു. ഒപ്പം സൗജന്യമായി ഹെഡ് മസ്സാജും.' ഇതാണ് വീഡിയോടൊപ്പമുള്ള കുറിപ്പ്. 

ധോനിയുടെ ഈ വീഡിയോക്ക് ബാഹുബലി ചിത്രവുമായാണ് ആരാധകര്‍ സാമ്യം കണ്ടെത്തിയത്. ബാഹുബലിയില്‍ പ്രഭാസ് വെള്ളച്ചാട്ടത്തിന് താഴെ നിന്ന് കുളിക്കുന്ന ഒരു സീനുണ്ട്. അതുപോലെയാണ് ധോനിയുടെ കുളിയുമെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. 

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയതാണ് ധോനി. ടെസ്റ്റില്‍ നിന്ന്‌ നേരത്തെ വിരമിച്ചതിനാല്‍ ഇപ്പോള്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പം ധോനിയില്ല. അതുകൊണ്ട് ക്രിക്കറ്റിനിടയിലെ ഒഴിവുസമയം ഇങ്ങിനെയൊക്കെ കൂളായി ആസ്വദിക്കുകയാണ് ക്യാപ്റ്റന്‍ കൂള്‍.

Content Highlights:  Dhoni enjoys 'free massage' under waterfall  Baahubali