ജയ്പുര്‍: ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ആദ്യ ട്വന്റി-20യില്‍ ഇന്ത്യന്‍ താരം ദീപക് ചാഹറായിരുന്നു മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. ഒരൊറ്റ നോട്ടംകൊണ്ട് ചാഹര്‍ ആരാധകരെ നേടിയെടുത്തു. മത്സരത്തിനിടെ ന്യൂസീലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയാണ് ചാഹര്‍ രൂക്ഷമായി നോക്കിയത്. ഗുപ്റ്റില്‍ ചാഹറിന്റെ പന്തില്‍ ഔട്ടായപ്പോഴായിരുന്നു ഈ നോട്ടം.

ഇതിന് പിന്നാലെ ചാഹറിന്റെ മറ്റൊരു വീഡിയോ ആരാധകര്‍ക്കിടയില്‍ തരംഗമാകുകയാണ്. മത്സരത്തിനിടെ ബൗണ്ടറി ലൈനിന് അരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ചാഹര്‍ ഗാലറിയിലുണ്ടായിരുന്ന തന്റെ സഹോദരി മാലതിയോട് സംസാരിക്കുന്നതാണ് ഈ വീഡിയോ. ഇതിനിടയില്‍ പ്രതിശുത വധു ജയാ ഭരദ്വാജ് എവിടെയാണെന്നും മാലതിയോട് ചാഹര്‍ അന്വേഷിക്കുന്നുണ്ട്.

ന്യൂസീലന്‍ഡ് ഇന്നിങ്‌സിന്റെ എട്ടാം ഓവറിലാണ് സംഭവം. ഗ്യാലറിയില്‍ നിന്ന് മാലതി ഒരുപാട് തവണ വിളിച്ച ശേഷമാണ് ചാഹര്‍ തിരിഞ്ഞുനോക്കിയത്. ഇതിന്റെ വീഡിയോ മാലതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ' ഇന്നത്തെ എന്റെ ആരാധക നിമിഷം. എപ്പോഴും ചെയ്യണമെന്ന് ആഗ്രഹിച്ച കാര്യം' എന്ന കുറിപ്പോടെയാണ് മാലതി ഈ വീഡിയോ പങ്കുവെച്ചത്.

നേരത്തെ യു.എ.ഇയില്‍ നടന്ന ഐപിഎല്‍ രണ്ടാം ഘട്ടത്തിനിടയിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ ചാഹര്‍, ജയ ഭരദ്വാജിനെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. മത്സരശേഷം സ്റ്റാന്‍ഡിലുണ്ടായിരുന്ന ജയയുടെ അടുത്തെത്തി ചാഹര്‍ മോതിരം അണിയിക്കുകയായിരുന്നു. ജയയ്ക്കും ആരാധകര്‍ക്കും സര്‍പ്രൈസ് നിമിഷമായിരുന്നു അത്.

Content Highlights: Deepak Chahar asks about his fiancee to his sister Malti during IND vs NZ T20