ന്യൂഡല്‍ഹി: ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് ഇഷ്ടമല്ലെന്ന് പറഞ്ഞ ആരാധകന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലി കൊടുത്ത മറുപടി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഒരു ദിവസത്തിനു ശേഷം തന്റെ നിലപാടു മയപ്പെടുത്തി കോലി തന്നെ രംഗത്തെത്തുകയും ചെയ്തു.

കോലിയുടെ ബാറ്റിങ്ങില്‍ ഒരു പ്രത്യേകതയുമില്ലെന്നും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരേക്കാള്‍ ഓസ്ട്രേലിയയുടേയും ഇംഗ്ലണ്ടിന്റേയും ബാറ്റ്സ്മാന്‍മാരുടെ കളിയാണ് താന്‍ ആസ്വദിക്കാറുള്ളതെന്നുമുള്ള ആരാധകന്റെ കമന്റിനെതിരെയായിരുന്നു കോലിയുടെ പ്രതികരണം. 

'നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ടവനാണെന്ന് ഞാന്‍ കരുതുന്നില്ല, ഇന്ത്യയില്‍ നിന്ന് പോയി വേറെ എവിടേയെങ്കിലും ജീവിക്കൂ. ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് നിങ്ങള്‍ മറ്റുള്ള രാജ്യങ്ങളിലെ താരങ്ങളെ സ്നേഹിക്കുന്നതെന്തിനാണ്? നിങ്ങള്‍ എന്നെ ഇഷടപ്പെടുന്നില്ല എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. നിങ്ങള്‍ ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് മറ്റു രാജ്യങ്ങളിലെ കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.' എന്നായിരുന്നു കോലിയുടെ പ്രതികരണം. 

ഈ പരാമര്‍ശത്തിനു പിന്നാലെ കടുത്ത പ്രതിഷേധങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും കോലിക്കു നേരെ ഉണ്ടായത്. ഇതു തന്നെയാണ് കോലിയെ നിലപാടു മയപ്പെടുത്തുന്നതിലേക്കു നയിച്ചതെന്നു കരുതേണ്ടി വരും. ഈ വിഷയത്തില്‍ കോലിക്കെതിരേ നടന്‍ സിദ്ധാര്‍ഥ് രംഗത്തെത്തിയിരുന്നു. 'കിങ് കോലിയായി നിങ്ങള്‍ക്ക് തുടരണമെങ്കില്‍, ഭാവിയില്‍ സംസാരിക്കുന്നതിനു മുമ്പ് 'എന്തായിരിക്കും ദ്രാവിഡ് പറയുക' എന്നാലോചിക്കാന്‍ കാലം നിങ്ങളെ സ്വയം പഠിപ്പിക്കും. ഒരു ഇന്ത്യന്‍ ക്യാപ്റ്റനില്‍നിന്ന് എത്ര ബാലിശമായ വാക്കുകളാണ് വരുന്നത്', സിദ്ധാര്‍ഥ് ട്വീറ്ററില്‍ കുറിച്ചു.

tweet

കോലി സ്വാര്‍ത്ഥനായ ഒരു ബാറ്റ്‌സ്മാനാണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും വിമര്‍ശനമുന്നയിച്ചത്. കളിക്കളത്തില്‍ കോലി തന്റെ സ്വാര്‍ത്ഥത പ്രകടമാക്കിയ അവസരങ്ങള്‍ ഇത്തരത്തില്‍ പലരും ചൂണ്ടിക്കാട്ടുകയും ചെയ്തു. അടുത്ത ഓവറില്‍ സ്‌ട്രൈക്ക് ചെയ്യാനായി ഡബിള്‍ ഓടാതിരിക്കുക, സെഞ്ചുറി നേടാനായി സ്‌ട്രൈക്ക് കൈമാറാതിരിക്കുക എന്നീ കാര്യങ്ങള്‍ ഇത്തരത്തില്‍ പലരും ചൂണ്ടിക്കാണിച്ചു.

അതേസമയം 2008-ല്‍ കോലി ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോള്‍ തന്റെ ഇഷ്ടതാരം ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്‌സ് ആണെന്നു പറയുന്ന വീഡിയോയും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.

ഇന്ത്യന്‍ ടെന്നീസ് താരങ്ങളേക്കാള്‍ റോജര്‍ ഫെഡററെ ഇഷ്ടപ്പെടുന്ന കോലി അങ്ങനെയെങ്കില്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്കു പോകട്ടെ എന്നായിരുന്നു ഒരാളുടെ കമന്റ്. നിങ്ങള്‍ പാകിസ്താനിലേക്ക് പോകൂ എന്നു പറയുന്ന പോലെയാണ് കോലിയും സംസാരിക്കുന്നതെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.

dear virat kohli the fan who called you selfish is wrong but so are you

2016-ല്‍ ജര്‍മനിയുടെ ടെന്നിസ് താരം എയ്ഞ്ചലിക് കെര്‍ബറെ വാഴ്ത്തിയുള്ള കോലിയുടെ പരാമര്‍ശവും ഏതാനും പേര്‍ പങ്കുവെച്ചു. ഔഡിയുടെ ആരാധകനായ കോലി ജര്‍മനിക്കു താമസം മാറ്റുന്നതാകും നല്ലതെന്നായിരുന്നു ഒരു ട്വീറ്റ്. ഇത്തരം കാര്യങ്ങള്‍ പറയുന്ന കോലി പിന്നെ എന്തിനാണ് ഔഡി, ടിസോട്ട്, പ്യൂമ എന്നീ ബ്രാന്‍ഡുകളെ പ്രമോട്ട് ചെയ്യുന്നതെന്നു ചോദിച്ചും പലരും രംഗത്തെത്തി.  

ഇനിയെങ്കിലും ഇങ്ങനെ കടുപ്പിച്ചു പറയും മുന്‍പ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ മിതവും പക്വവുമായ ശൈലി ഓര്‍ക്കുന്നതു നന്നായിരിക്കുമെന്നാണ് കോലിക്കുള്ള മറ്റൊരാളുടെ ഉപദേശം. ഇത്തരത്തില്‍ നിരവധി കമന്റുകളും വീഡിയോകളുമാണ് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

പ്രശസ്തര്‍ക്കു തോന്നുന്ന അമിത ആത്മവിശ്വാസമാകാം കോലിയുടെ ഈ വാക്കുകള്‍ക്ക് കാരണമെന്നു കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയും പ്രതികരിച്ചു. ഇത്തരം വിമര്‍ശനങ്ങള്‍ കടുത്തതോടെ കോലിക്ക് തന്റെ നിലപാട് മയപ്പെടുത്താതെ തരമില്ലെന്നായി. ഒടുവില്‍ തന്റെ വാക്കുകളെ ഗൗരവത്തിലെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോലി തന്നെ രംഗത്തെത്തുകയായിരുന്നു.

tweet

'ആ ആരാധകന്റെ കമന്റില്‍ 'ഈ ഇന്ത്യന്‍ താരങ്ങള്‍' എന്നുണ്ടായിരുന്നു. ആ പരാമര്‍ശത്തിനെതിരെയാണ് ഞാന്‍ സംസാരിച്ചത്. അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു.  ഈ ഉത്സവ സീസണ്‍ ആസ്വദിക്കൂ, എല്ലാവരോടും സ്നേഹം, എല്ലാവര്‍ക്കും സമാധാനമുണ്ടായിരിക്കട്ടെ.' കോലി ട്വിറ്ററില്‍ കുറിച്ചു.

Content Highlights: dear virat kohli the fan who called you selfish is wrong but so are you