വിലക്കിനുശേഷമുള്ള തിരിച്ചുവരവിൽ അപാര ഫാേമിലാണ് ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ. എന്നാൽ, ഈ തിരിച്ചുവരവുകൊണ്ടൊന്നും മകളുടെ മനസ്സിൽ കയറിപ്പറ്റാൻ കഴിഞ്ഞിട്ടില്ല. മകളുടെ ഹീറോ അച്ഛനല്ല, ഇന്ത്യയുടെ വിരാട് കോലിയാണ്.

വാര്‍ണറുടെ ഭാര്യ കാന്‍ഡിസ് വാര്‍ണര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മൂന്നു വയസ്സുകാരി മകള്‍ തന്നെയാണ് താന്‍ കോലിയുടെ ആരാധികയാണെന്ന് തുറന്നു സമ്മതിക്കുന്നത്. മകള്‍ ക്രിക്കറ്റ് കളിക്കുന്നതിന്റെ ഒരു വീഡിയോയാണ് കാന്‍ഡിസ് പോസ്റ്റ് ചെയ്തത്. പ്ലാസ്റ്റിക് ബാറ്റ് കൊണ്ട് പന്ത് അടിച്ചകറ്റുമ്പോള്‍ അവള്‍ പറയുന്നത് ഐ ആം വിരാട് കോലി എന്നാണ്. ഒരുപാട് സമയം ഇന്ത്യയില്‍ ചെലവിട്ട മകള്‍ക്ക് കോലിയെ പോലെയാകണം എന്ന കുറിപ്പോടെയാണ് കാന്‍ഡിസ് വീഡിയോ പോസ്റ്റ് ചെയ്ത്.

വീഡിയോയ്ക്ക് വൻ വരവേൽപാണ് ട്വിറ്ററിൽ ആരാധകർ നൽകിയത്. ഇതിന് താഴെ ചർച്ച കൊഴുത്തപ്പോൾ മകൾ അച്ഛനെപ്പോലെയാണെന്ന് പറഞ്ഞ് മറ്റൊരു വീഡിയോ കൂടി കാർൻഡിസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അച്ഛനെ പോലെ തന്നെ എന്ന കുറിപ്പിട്ട പോസ്റ്റിൽ മകൾ പന്ത് അടിച്ചകറ്റുന്നതാണ് കാണുന്നത്.

വിലക്കില്‍ നിന്ന് തിരിച്ചുവരവിനുശേഷം അപാര ഫോമിലാണ് വാര്‍ണര്‍. ഐ.പി.എല്ലിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ്. 126 മത്സരങ്ങളില്‍ നിന്ന് 4,706 റണ്‍സാണ് വാര്‍ണര്‍ നേടിയത്. കോലിയാണ് ഈ ലിസ്റ്റില്‍ ഒന്നാമന്‍. 177 മത്സരങ്ങളില്‍ നിന്ന് 5,412 റണ്‍സാണ് കോലിയുടെ സമ്പാദ്യം.

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിടേണ്ടിവന്ന വാര്‍ണര്‍ 2018ല്‍ ഐ.പി. എല്ലില്‍ കളിച്ചിരുന്നില്ല. 2019ല്‍ തിരിച്ചെത്തിയ വാര്‍ണര്‍ 12 മത്സരങ്ങളില്‍ 692 റണ്‍സാണ് നേടിയത്.

Content Highlights: David Warner Daughter, Virat Kohli, Cricket, IPL, Ball Tampering, Indi  Rae