ലണ്ടന്‍: ക്രിക്കറ്റ് പ്രേമികള്‍ രവി ശാസ്ത്രി എന്ന പേര് കേട്ടതിനേക്കാള്‍ കൂടുതല്‍ ഒരു പക്ഷേ കേട്ടിരിക്കുക അദ്ദേഹത്തിന്റെ ശബ്ദമായിരിക്കും. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനും (Dhoni finishes off in style. A magnificent strike into the crowd! India lift the World Cup after 28 years) സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഏകദിന ഡബിളിനുമെല്ലാം (First man in the planet to reach 200 and its the superman from India) ശേഷമുള്ള ശാസ്ത്രിയുടെ ആവേശകരമായ ശബ്ദം ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ത്രസിപ്പിക്കാന്‍ പോന്നതായിരുന്നു.

ഇത്തരത്തില്‍ ഇന്ത്യയും ഇന്ത്യന്‍ താരങ്ങളും നിറഞ്ഞുനിന്ന പല മത്സരങ്ങളുടെയും ആവേശം നമ്മളിലേക്ക് എത്തിച്ചതും ശാസ്ത്രി തന്നെ. 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ യുവ്‌രാജ് സിങ്ങിന്റെ ആറു സിക്‌സ് പ്രകടനത്തിന്റെ ആവേശവും നമ്മള്‍ അനുഭവിച്ചറിഞ്ഞത് ശാസ്ത്രിയിലൂടെയായിരുന്നു. എന്നാലിപ്പോഴിതാ യുവിയുടെ ആ വെടിക്കെട്ട് പ്രകടനം കൊഴുപ്പിക്കാന്‍ അന്ന് ഒരുപക്ഷേ കമന്ററി ബോക്‌സില്‍ ശാസ്ത്രി ഉണ്ടാകുമായിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും കമന്റേറ്ററുമായിരുന്ന ഡേവിഡ് ലോയ്ഡ്.

ആ മത്സരത്തിനായുള്ള കമന്റേറ്റര്‍മാരുടെ ക്രമപട്ടിക മാറ്റിയത് താനാണെന്നും അതുവഴിയാണ് സ്റ്റുവര്‍ട്ട് ബ്രോഡിനെ യുവി നാലുപാടും പറത്തിയ ആ ഓവറില്‍ ശാസ്ത്രിക്ക് ശബ്ദം നല്‍കാനായതെന്നും ലോയ്ഡ് വെളിപ്പെടുത്തി. സ്‌കൈ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് പോഡ്കാസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 

ആ മത്സരത്തില്‍ അങ്ങനെ ശാസ്ത്രി നിറഞ്ഞുനില്‍ക്കുകയായിരുന്നുവെന്നും ലോയ്ഡ് കൂട്ടിച്ചേര്‍ത്തു.

യുവിയുടെ ആറാട്ട്

2007 സെപ്റ്റംബര്‍ 19-ന് ദക്ഷിണാഫ്രിക്കയിലെ കിങ്സ്മീഡ് മൈതാനത്ത് യുവിയോട് കൊളുത്തിയത് ആന്‍ഡ്രു ഫ്ളിന്റോഫായിരുന്നെങ്കിലും അതിന് പണി കിട്ടിയത് പാവം ബ്രോഡിനായിരുന്നു. 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ സൂപ്പര്‍ സിക്സ് മത്സരമായിരുന്നു അത്. കിവീസിനോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഇംഗ്ലണ്ടുമായുള്ള മത്സരം നിര്‍ണായകമായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ ഗംഭീറും (58), സെവാഗും (68) ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. റോബിന്‍ ഉത്തപ്പ പുറത്തായ ശേഷം 17-ാം ഓവറിലാണ് യുവി ക്രീസിലെത്തുന്നത്. അപ്പോള്‍ സ്‌കോര്‍ മൂന്നിന് 171.

18-ാം ഓവര്‍ ബൗള്‍ ചെയ്ത ഫ്ളിന്റോഫിനെതിരേ യുവി തുടര്‍ച്ചയായി രണ്ടു ബൗണ്ടറികള്‍ നേടി. ഇതോടെ ഫ്ളിന്റോഫ് പ്രകോപനപരമായി എന്തോ പറഞ്ഞു. യുവിയും വിട്ടുകൊടുക്കാതിരുന്നതോടെ അതൊരു വാക്കേറ്റമായി. ഒടുവില്‍ അമ്പയര്‍മാര്‍ ഇടപെട്ടാണ് ഈ അടി അവസാനിപ്പിച്ചത്.

എന്നാല്‍ യുവിക്ക് പറഞ്ഞ് മതിയായിട്ടില്ലായിരുന്നു. 19-ാം ഓവര്‍ എറിയാനെത്തിയത് അന്നത്തെ കൗമാരക്കാരന്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ഫ്ളിന്റോഫിന് കൊടുക്കാന്‍ വെച്ചത് യുവി ബ്രോഡിന് കൊടുത്തപ്പോള്‍ ആ ഓവറിലെ ആറു പന്തുകളും നിലംതൊടാതെ ഗാലറിയില്‍ പതിച്ചു. വെറും 12 പന്തില്‍ നിന്ന് യുവിക്ക് അര്‍ധ സെഞ്ചുറി, ഒപ്പം റെക്കോഡും. 16 പന്തില്‍ ഏഴു സിക്സും മൂന്ന് ബൗണ്ടറികളുമടക്കം 58 റണ്‍സുമായി യുവി അവസാന ഓവറിലെ അഞ്ചാം പന്തില്‍ മടങ്ങിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ നാലിന് 218 റണ്‍സിലെത്തിയിരുന്നു. ആ ലോകകപ്പിനു മുന്‍പ് നടന്ന ഏകദിന പരമ്പരയില്‍ തന്റെ ഒരു ഓവറില്‍ ഇംഗ്ലണ്ടിന്റെ മസ്‌കരാനസ് അഞ്ചു സിക്സറുകള്‍ നേടിയതിനുള്ള പ്രതികാരവുമായിരുന്നു യുവിക്ക് ആ ഓവര്‍.

മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് തകര്‍ത്തടിച്ചെങ്കിലും 19-ാം ഓവറിലെ യുവിയുടെ ആ പ്രകടനം ആവര്‍ത്തിക്കാന്‍ ഇംഗ്ലീഷ് നിരയില്‍ ആളുണ്ടായില്ല. 20 ഓവര്‍ അവസാനിച്ചപ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സിലെത്താനേ അവര്‍ക്കായുള്ളൂ. 18 റണ്‍സിന്റെ തോല്‍വി.

Content Highlights: David Lloyd recalled Ravi Shastri incident during Yuvraj Singh's record sixes against Stuart Broad