ച്ഛനും മകനും ഒരേ ക്ലബ്ബിനുവേണ്ടി കളിക്കുന്നത് ഫുട്‌ബോള്‍ ലോകത്ത് സര്‍വസാധാരണമാണ്. എന്നാല്‍ ഒരു കുടുംബത്തിലെ മൂന്ന് തലമുറയില്‍പ്പെട്ടവര്‍ ഒരു ക്ലബ്ബിനുവേണ്ടി കളിച്ചാലോ? ഈ മൂന്നുപേരും ഗോളും നേടിയാലോ? അത്തരത്തിലൊരു അപൂര്‍വ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ സീരി എ ഫുട്‌ബോള്‍ ലീഗ്. എ.സി.മിലാനിലാണ് ഈ അപൂര്‍വ മുഹൂര്‍ത്തം അരങ്ങേറിയത്. 

സ്‌പെന്‍സിയയ്‌ക്കെതിരായ മത്സരത്തില്‍ യുവതാരം ഡാനിയേല്‍ മാള്‍ഡീനി മിലാന് വേണ്ടി ഗോള്‍ നേടിയതോടെയാണ് ഫുട്‌ബോള്‍ ലോകത്ത് പുതിയ ചരിത്രം കുറിയ്ക്കപ്പെട്ടത്. എ.സി.മിലാനുമായി ഏറെ അടുത്ത ബന്ധമുള്ള മാള്‍ഡീനി കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണ് ഡാനിയേല്‍. താരത്തിന്റെ അച്ഛന്‍ പാവ്‌ലോ മാള്‍ഡീനിയും അദ്ദേഹത്തിന്റെ അച്ഛന്‍ സെസാര്‍ മാള്‍ഡീനിയും എ.സി.മിലാന് വേണ്ടി കളിച്ച് ഗോള്‍ നേടിയിട്ടുണ്ട്. 

അച്ഛനും മുത്തച്ഛനും കളിച്ച അതേ ക്ലബ്ബില്‍ കളിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഡാനിയേല്‍ ആദ്യ ഇലവനിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോളടിച്ചാണ് ചരിത്രത്തിലേക്ക് നടന്നുകയറിയത്. അച്ഛനും മുത്തച്ഛനും പ്രതിരോധതാരങ്ങളാണെങ്കില്‍ ഡാനിയേല്‍ മധ്യനിരയിലെ സാന്നിധ്യമാണ്. 

സെസാര്‍ മാള്‍ഡീനിയിലൂടെയാണ് മാള്‍ഡീനി കുടുംബം മിലാനിലേക്ക് കാലെടുത്തുവെയ്ക്കുന്നത്. 1954 മുതല്‍ 1966 വരെ എ.സി.മിലാന്റെ പ്രതിരോധനിരയില്‍ കളിച്ച സെസാര്‍ 412 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. 2016 ഏപ്രില്‍ മൂന്നിന് അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. 

സെസാറിന്റെ മകന്‍ പാവ്‌ലോ മാള്‍ഡീനി 902 മത്സരങ്ങളാണ് മിലാന് വേണ്ടി കളിച്ചത്. 17 വര്‍ഷം നീണ്ട കരിയര്‍. 26 കിരീടനേട്ടങ്ങളില്‍ പങ്കാളിയാകാനും പാവ്‌ലോയ്ക്ക് സാധിച്ചു. അച്ഛന്‍ പാവ്‌ലോ അവസാന ഗോളടിച്ച് 13 വര്‍ഷവും 179 ദിവസവും പൂര്‍ത്തിയായപ്പോളാണ് ഡാനിയേല്‍ മിലാന് വേണ്ടി ഗോള്‍ നേടിയത്. ഡാനിയേലിന്റെയും മുത്തച്ഛന്‍ സെസാറിന്റെയും ഗോള്‍ നേട്ടങ്ങളുടെ വ്യത്യാസം 60 വര്‍ഷവും 22 ദിവസവുമാണ് !

ഇപ്പോള്‍ പാവ്‌ലോ എ.സി.മിലാന്റെ ടെക്‌നിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയാണ്. ഡാനിയേല്‍ മിലാന്‍ യൂത്ത് ടീമില്‍ കളിച്ചാണ് സീനിയര്‍ ടീമില്‍ ഇടം നേടിയത്. ഡാനിയേല്‍ ഗോളടിച്ചപ്പോള്‍ ഗ്യാലറിയിലുണ്ടായിരുന്ന അച്ഛന്‍ പാവ്‌ലോ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഈ രംഗം മനോഹരമായി ക്യാമറ ഒപ്പിയെടുക്കുകയും ചെയ്തു.

Content Highlights: Daniel, a third generation Maldini, scores in AC Milan’s win at Spezia