ജൊഹാനാസ്ബര്‍ഗ്: രാജ്യാന്തര ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയ ആദ്യ പുരുഷ താരമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. 2010 ഫെബ്രുവരി നാലിന് ഗ്വാളിയോറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഏകദിനത്തിലാണ് സച്ചിന്‍ ഇരട്ട സെഞ്ചുറി നേടിയത്.

എന്നാല്‍ ഇരട്ട സെഞ്ചുറിക്ക് മുമ്പേ സച്ചിനെ താന്‍ പുറത്താക്കിയിരുന്നുവെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. അന്ന് സച്ചിന്‍ 190-കളില്‍ നില്‍ക്കുമ്പോള്‍ താന്‍ അദ്ദേഹത്തെ വിക്കറ്റിനു മുന്നില്‍ കുടുക്കിയതാണെന്നും പക്ഷേ അമ്പയര്‍ ഔട്ട് അനുവദിച്ചില്ലെന്നുമാണ് സ്റ്റെയ്‌നിന്റെ ആരോപണം.

ജെയിംസ് ആന്‍ഡേഴ്‌സണ്‍, മുന്‍ ഇംഗ്ലണ്ട് താരങ്ങളായ നാസര്‍ ഹുസൈന്‍, റോബ് കീ എന്നിവര്‍ക്കൊപ്പം നടത്തിയ സ്‌കൈ സ്‌പോര്‍ട്‌സ് ക്രിക്കറ്റിന്റെ പോഡ്കാസ്റ്റില്‍ തമാശയായിട്ടാണ് സ്റ്റെയ്ന്‍ ഇക്കാര്യം പറഞ്ഞത്.

''ഏകദിനത്തില്‍ ആദ്യ ഇരട്ട സെഞ്ചുറി തെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയത് ഗ്വാളിയോറില്‍ ഞങ്ങള്‍ക്കെതിരെയായിരുന്നു. എനിക്ക് ശരിക്ക് ഓര്‍മയുണ്ട്, 190-കളില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ ഞാന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കിയതാണ്. ഇയാന്‍ ഗൂള്‍ഡായിരുന്നു അന്ന് അമ്പയര്‍. അദ്ദേഹം ഔട്ട് അനുവദിച്ചില്ല. എന്താണ് ഔട്ട് അനുവദിക്കാത്തതെന്ന അമ്പരപ്പിലായിരുന്നു ഞാന്‍. ചുറ്റിലുമൊന്നു നോക്കൂ. ഇതെങ്ങാനും ഔട്ട് വിധിച്ചാല്‍ ഞാന്‍ പിന്നെ ഹോട്ടല്‍ മുറിയിലെത്തില്ലെന്ന നിലയിലായിരുന്നു അമ്പയര്‍'', സ്റ്റെയ്ന്‍ പറഞ്ഞു.

അന്നത്തെ മത്സരത്തില്‍ സച്ചിനെതിരേ 31 പന്തുകളാണ് സ്റ്റെയ്ന്‍ എറിഞ്ഞത്. അക്കൂട്ടത്തില്‍ ഒരു എല്‍.ബി.ഡബ്ല്യു അപ്പീല്‍ പോലും ഉണ്ടായിരുന്നില്ല. സച്ചിന്‍ 190-കളില്‍ നില്‍ക്കുമ്പോള്‍ മൂന്നു പന്തുകള്‍ മാത്രമാണ് അദ്ദേഹത്തിനെതിരേ സ്റ്റെയ്ന്‍ എറിഞ്ഞത്. മൂന്നിലും സച്ചിന്‍ ബാറ്റുവെയ്ക്കുകയും ചെയ്തിരുന്നു.

147 പന്തില്‍ 25 ഫോറും മൂന്നു സിക്‌സും സഹിതമാണ് സച്ചിന്‍ അന്ന് ഇരട്ടസെഞ്ചുറിയിലെത്തിയത്. മത്സരത്തില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സെടുത്ത ഇന്ത്യ, ദക്ഷിണാഫ്രിക്കയെ 248 റണ്‍സിന് പുറത്താക്കി 153 റണ്‍സിന്റെ വമ്പന്‍ ജയവും സ്വന്തമാക്കി.

Content Highlights: Dale Steyn claims umpire denied him Sachin Tendulkar's wicket in 190s