ന്യൂഡല്‍ഹി: കളിക്കളത്തിലായാലും പുറത്തായാലും സച്ചിന്‍ തെണ്ടുല്‍ക്കറും എം.എസ് ധോനിയും തമ്മിലുള്ള ബന്ധം ഒരു കാലത്തും ചെറിയ തോതില്‍ പോലും വഷളായിട്ടില്ല. 2011 ലോകകപ്പ് നേടിയത് സച്ചിനു വേണ്ടിയാണെന്ന് ധോനി തന്നെ പറഞ്ഞിട്ടുണ്ട്. 2007-ല്‍ ലിറ്റില്‍ മാസ്റ്ററുടെ നിര്‍ദേശമനുസരിച്ചാണ് ടീം മാനേജ്‌മെന്റ് ധോനിയെ ക്യാപ്റ്റനാക്കിയതും.
എന്നാല്‍ അതേ സച്ചിനെ വീഴ്ത്താന്‍ ധോനി പുറത്തെടുത്ത തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരം ഷതാബ് ജകാതി. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന 2010 ഐ.പി.എല്‍ ഫൈനലിലായിരുന്നു സംഭവം. അന്ന് മുംബൈക്കെതിരേ 22 റണ്‍സ് ജയവുമായി ചെന്നൈ കന്നി ഐ.പി.എല്‍ കിരീടം സ്വന്തമാക്കി.
''ഇടംകൈയന്‍ അഭിഷേക് നായര്‍ ബാറ്റു ചെയ്യുമ്പോള്‍ ആദ്യ രണ്ട് ഓവറില്‍ തന്നെ ഞാന്‍ 21 റണ്‍സ് വഴങ്ങിയിരുന്നു. ഇനി നീ മധ്യ ഓവറുകളില്‍ ബൗള്‍ ചെയ്താല്‍ മതിയെന്ന് ധോനി അപ്പോള്‍ പറഞ്ഞു. വലംകൈയന്‍മാരായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, അമ്പാട്ടി റായുഡു, കിറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ക്കായി എന്നെ കരുതി വെയ്ക്കുകയായിരുന്നു ധോനി. മുംബൈ ടീമിനെതിരേ നന്നായി ഗൃഹപാഠം ചെയ്തായിരുന്നു ഞങ്ങള്‍ എത്തിയത്. അവരുടെ വലംകൈയന്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം ഇടംകൈയന്‍ ബൗളര്‍മാര്‍ക്കെതിരേ പതറുന്നവരാണെന്ന് ഞങ്ങള്‍ മനസിലാക്കിയിരുന്നു. 169 റണ്‍സ് പിന്തുടരുമ്പോള്‍ സച്ചിന്റെ ഇന്നിങ്‌സിന്റെ മികവില്‍ മുംബൈ ട്രാക്കിലായിരുന്നു. എന്നാല്‍ 15-ാം ഓവറില്‍ അര്‍ധ സെഞ്ചുറിക്ക് രണ്ടു റണ്‍സ് വേണമെന്നിരിക്കെ സച്ചിന്‍ പുറത്തായത് മുംബൈയുടെ താളം തെറ്റിച്ചു. ആറ് ഓവറില്‍ നിന്ന് 74 റണ്‍സ് വേണമെന്നിരിക്കെയാണ് അദ്ദേഹം പുറത്തായത്. ആദ്യ പന്തില്‍ ബൗണ്ടറി നേടിയ സച്ചിന്‍ രണ്ടാം പന്തിലും വമ്പന്‍ ഷോട്ടിന് ശ്രമിച്ചെങ്കിലും പന്ത് ലോങ് ഓഫ് ഫീല്‍ഡറുടെ കൈകളിലെത്തി. മൂന്നു പന്തുകള്‍ക്ക് ശേഷം സൗരഭ് തിവാരിയേയും ഞാന്‍ മടക്കി'', വിസ്ഡന്‍ ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ജകാതി പറഞ്ഞു.
അതേ മത്സരത്തിലാണ് ഒരേ സമയം മിഡ് ഓഫിലും ലോങ് ഓഫിലും ഫീല്‍ഡര്‍മാരെ നിര്‍ത്തി ധോനി, അപകടകാരിയായ പൊള്ളാര്‍ഡിനെ പുറത്താക്കിയതെന്നും ജകാതി പറഞ്ഞു. മാത്യു ഹെയ്ഡനെ ബൗളര്‍ക്ക് തൊട്ടുപിന്നില്‍ ഫീല്‍ഡ് നിര്‍ത്തിയാണ് ധോനി, പൊള്ളാര്‍ഡിനെ മടക്കിയതെന്നും ജകാതി പറഞ്ഞു.
Content Highlights: CSK captain MS Dhoni plotted the dismissal of Sachin in 2010 ipl final narrates Jakati