ദുബായ്: യുവെന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ചാട്ടം ഫുട്‌ബോള്‍ ലോകത്ത് പ്രസിദ്ധമാണ്. 33 വയസ് പിന്നിട്ടെങ്കിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും റോണോ തയ്യാറാകാത്തതുതന്നെയാണ് കളിക്കളത്തിലെ അദ്ദേഹത്തിന്റെ അദ്ഭുത പ്രകടനങ്ങള്‍ക്ക് കൈമുതല്‍. 

ഡിസംബര്‍ 18-ന് ഇറ്റാലിയന്‍ ലീഗില്‍ സാപ്ഡോറിയക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോ ഹെഡറിലൂടെ നേടിയ ഗോള്‍ ഇപ്പോഴും ഫുട്‌ബോള്‍ ലോകത്തെ സജീവ ചര്‍ച്ചയാണ്. താരത്തിന്റെ ചാട്ടത്തിനെയും ഓട്ടത്തെയും കുറിച്ച് പഠനങ്ങള്‍ വരെ നടന്നിട്ടുണ്ട്. 

ഇപ്പോഴിതാ സെര്‍ബിയന്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ ചാടാന്‍ പഠിപ്പിക്കുന്ന റൊണാള്‍ഡോയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ദുബായിലെ ഒരു ജിമ്മില്‍ വെച്ച് കണ്ടുമുട്ടിയതായിരുന്നു ഇരുവരും. 

ജോക്കോവിച്ചിനെ തന്നെപ്പോലെ ചാടാന്‍ പഠിപ്പിക്കുന്നുവെന്ന കുറിപ്പോടെ റൊണാള്‍ഡോ തന്നെയാണ് പരിശീലന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഒരു കയര്‍ ഉയരത്തില്‍ കെട്ടി അത് ഹെഡ് ചെയ്യുകയായിരുന്നു ഇരുവരും.

നേരത്തെ സാപ്ഡോറിയക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോ ഹെഡറിലൂടെ നേടിയ ഗോള്‍ ഫുട്‌ബോള്‍ ലോകത്തെ ഒന്നാകെ അദ്ഭുതപ്പെടുത്തിയിരുന്നു. 2018 ചാമ്പ്യന്‍സ് ലീഗില്‍ യുവെന്റസിനെതിരേ റയലിനായി ക്രിസ്റ്റ്യാനോ നേടിയ ഗോളിന്റെ ഓര്‍മകള്‍ മായുംമുമ്പാണ് ഇപ്പോള്‍ യുവെന്റസ് ജേഴ്സിയില്‍ താരത്തിന്റെ മറ്റൊരു അദ്ഭുത ഗോള്‍ പിറന്നത്. 

ഇടതുവിങ്ങില്‍ നിന്ന് അലക്സ് സാന്‍ഡ്രോ ഉയര്‍ത്തിനല്‍കിയ പന്തിനെ വായുവില്‍ അവിശ്വസനീയമായ രീതിയില്‍ ഉയര്‍ന്നുചാടിയ താരം ഹെഡറിലൂടെ ഗോളിലേക്ക് തിരിച്ചുവിട്ടു. സെക്കന്‍ഡുകളോളം താരം വായുവില്‍ നിന്നാണ് റൊണാള്‍ഡോ പന്ത് സ്വീകരിച്ചത്. ഹെഡറിനായി ഉയര്‍ന്നു ചാടുമ്പോള്‍ സാപ്ഡോറിയ താരത്തിന്റെ തലപ്പൊക്കത്തിലായിരുന്നു ക്രിസ്റ്റ്യാനോയുടെ കാലുകള്‍. ഈ സമയം മൈതാനത്തു നിന്ന് 70 സെന്റീമീറ്ററിലേറെ ഉയരത്തിലായിരുന്നു താരം.

Content Highlights: Cristiano Ronaldo teaches Novak Djokovic how to jump like him