ലണ്ടന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവെന്റസ് അരങ്ങേറ്റ മത്സരം അടക്കമുള്ള ഇറ്റാലിയന്‍, സ്പാനിഷ് ലീഗ് മത്സരങ്ങള്‍ ഇനി ഫെയ്സ്ബുക്കിൽ സൗജന്യമായി കാണാം. യൂറോപ്യന്‍ ലീഗ് മത്സരങ്ങള്‍ ഇഷ്ടപ്പെടുന്ന ബ്രിട്ടനിലെയും അയര്‍ലന്‍ഡിലെയും ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലവന്‍ സ്‌പോര്‍ട്‌സാണ് ഇക്കാര്യത്തില്‍ ഫെയ്സ്ബുക്കുമായി ബ്രോഡ്കാസ്റ്റ് കരാറിലെത്തിയ കാര്യം അറിയിച്ചിരിക്കുന്നത്. കരാര്‍ പ്രകാരം ആഴ്ചയില്‍ ഒരു ദിവസം ഇറ്റാലിയന്‍ ലീഗിലെയും സ്പാനിഷ് ലീഗിലെയും മത്സരങ്ങള്‍ ഇലവന്‍ സ്‌പോര്‍ട്‌സിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ലൈവായി കാണാം.
സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് വിട്ട് യുവെന്റസിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇറ്റാലിയന്‍ ലീഗിലെ അരങ്ങേറ്റ മത്സരവും ഇതില്‍ ഉള്‍പ്പെടും. ഓഗസ്റ്റ് 18-നാണ് റൊണാള്‍ഡോയുടെ യുവെ ജഴ്‌സിയിലുള്ള അരങ്ങേറ്റം.
നേരത്തെ 2019/2020 സീസണിലെ 20 പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ബ്രിട്ടനില്‍ ഓണ്‍ലൈന്‍ വഴി കാണിക്കാനുള്ള അവകാശം ആമസോണ്‍ സ്വന്തമാക്കിയിരുന്നു. മൂന്നു വര്‍ഷത്തേക്കാണ് ഈ കരാര്‍. ഇതിന്റെ ചുവടു പിടിച്ചാണ് ഇലവന്‍ സ്‌പോര്‍ട്‌സും ഈ രംഗത്തേക്കിറങ്ങിയിരിക്കുന്നത്.
ടെലിവിഷന്‍ സംപ്രേക്ഷകര്‍ക്ക് പുതിയ പ്രേക്ഷകരിലേക്കെത്താനും ഒരു ബ്രാന്‍ഡിന് രൂപം കൊടുക്കാനും കളിപ്രേമികള്‍ക്ക് ഫേസ്ബുക്ക് വഴി മികച്ച കാഴ്ചാനുഭവം ഒരുക്കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നതിന് തെളിവാണ് ഈ കരാറെന്ന് യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ഫെയ്‌സ്ബുക്കിന്റെ ലൈവ് സ്‌പോര്‍ട്‌സ് പ്രോഗ്രാമിന് നേതൃത്വം നല്‍കുന്ന റയ്‌സ് ബിയര്‍ പറഞ്ഞു.
Content Highlights: cristiano ronaldo, juventus debut, facebook