യുവെന്റസിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കുറിച്ചുള്ള പുതിയ പഠനം പുറത്ത്. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ കളിക്കളത്തിലെ സമ്മര്‍ദങ്ങള്‍ അല്‍പ്പം പോലും ബാധിക്കാത്ത താരമാണ് റൊണാള്‍ഡോ എന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. കടുത്ത സമ്മര്‍ദങ്ങള്‍ പ്രതിരോധിക്കാനുള്ള ശേഷി റൊണാള്‍ഡോയ്ക്കുണ്ടെന്ന് പഠനത്തില്‍ പറയുന്നു.

ബെല്‍ജിയത്തിലെ കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് ലുവനും ഡാറ്റാ ഇന്റലിജന്‍സ് കമ്പനിയായ എസ്സിഐ സ്പോര്‍ട്സും സംയുക്തമായാണ് ഈ പഠനം നടത്തിയത്. 

പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങളുടെ ഏഴായിരത്തോളും ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഗവേഷകര്‍ പഠനത്തിനായി ശേഖരിച്ചത്. സമ്മര്‍ദങ്ങളില്‍ തെല്ലും പതറാതെ കളിക്കുന്ന താരമാണ് റൊണാള്‍ഡോയെന്ന് പഠനം പറയുന്നു. മത്സരത്തിനിടെയുള്ള ഏത് പ്രതിസന്ധിയിലും തളരാതെ കളിക്കാന്‍ സാധിക്കുന്ന താരമാണ് റൊണാള്‍ഡോ.

സമ്മര്‍ദ ഘട്ടങ്ങള്‍ അതിജീവിക്കുന്ന കാര്യത്തില്‍ റൊണാള്‍ഡോയ്ക്ക് പിന്നിലുള്ളത് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീനിയന്‍ താരം സെര്‍ജിയോ അഗ്യുറോയാണ്. സമ്മര്‍ദത്തിലാകുമ്പോഴും അത് താരത്തിന്റെ തീരുമാനമെടുക്കാനുള്ള കഴിവിനെ തെല്ലും ബാധിക്കുന്നില്ലെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

അതേസമയം സമ്മര്‍ദ ഘട്ടങ്ങളെ അതിജീവിക്കാന്‍ സാധിക്കാത്ത താരം പി.എസ്.ജിയുടെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറാണ്. സമ്മര്‍ദത്തിലാകുന്ന ഘട്ടങ്ങളില്‍ നെയ്മറെടുക്കുന്ന തീരുമാനങ്ങള്‍ ഒട്ടും ഫലപ്രദമല്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

നേരത്തെ റൊണാള്‍ഡോയുടെ കളിക്കളത്തിലെ പ്രകടനങ്ങള്‍ പലരും പഠനങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. താരത്തിന്റെ കായികക്ഷമത, ഉയരം, വേഗം എന്നിങ്ങനെ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്.

Content Highlights: cristiano ronaldo immune to pressure new research