മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇത്തവണ വനിതാ ഗാര്‍ഡിന് തന്റെ ജഴ്‌സി സമ്മാനമായി നല്‍കിയാണ് റൊണാള്‍ഡോ ആരാധകരുടെ മനം കവര്‍ന്നത്. 

ചാമ്പ്യന്‍സ് ലീഗില്‍ യങ് ബോയ്‌സിനെതിരായ മത്സരത്തിന് മുന്‍പ് പരിശീലനം നടത്തുകയായിരുന്നു റൊണാള്‍ഡോ. ലോങ്‌റേഞ്ചര്‍ കിക്കുകള്‍ പരിശീലിക്കുന്നതിനിടെ താരത്തിന്റെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് ലക്ഷ്യം തെറ്റി ഗ്രൗണ്ടിലുള്ള വനിതാ ഗാര്‍ഡിന്റെ ദേഹത്തുകൊണ്ടു. തിരിഞ്ഞു നില്‍ക്കുകയായിരുന്ന ഗാര്‍ഡിന്റെ തലയ്ക്കാണ് ഷോട്ട് കൊണ്ടത്. 

വേദനകൊണ്ട് പുളഞ്ഞ ഗാര്‍ഡ് ഉടനടി നിലത്തേക്കുവീണു. ഇതുകണ്ട റൊണാള്‍ഡോ പരിശീലനം നിര്‍ത്തിവെച്ച് ഗാര്‍ഡിനടുത്തേക്ക് ഓടിവന്ന് അവരെ ആശ്വസിപ്പിച്ചു. അറിയാതെയാണെങ്കില്‍ പോലും ചെയ്ത തെറ്റിന് അവരോട് മാപ്പ് ചോദിക്കുകയും തന്റെ ഏഴാം നമ്പര്‍ ജഴ്‌സി ഗാര്‍ഡിന് സമ്മാനമായി നല്‍കുകയും ചെയ്തു.

ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ ഈ രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. റൊണാള്‍ഡോയെ അഭിനന്ദിച്ച് പലരും രംഗത്തെത്തി. മത്സരത്തില്‍ റൊണാള്‍ഡോ ഗോളടിച്ചെങ്കിലും യുണൈറ്റഡ് തോറ്റു. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് യങ് ബോയ്‌സ് യുണൈറ്റഡിനെ കീഴടക്കിയത്. 

Content Highlights: Cristiano Ronaldo gives his Manchester United jersey to guard