ലാ ലിഗയില്‍ ബാഴ്‌സയുടെ വിജയം പ്രതിരോധ താരം ജെറാര്‍ഡ് പിക്വെ ശരിക്കും ആസ്വദിക്കുക തന്നെയാണ്. കഴിഞ്ഞ ദിവസം ടീം ബാഴ്‌സലോണ നഗരത്തിലൂടെ തുറന്ന ബസ്സില്‍ പ്രദക്ഷിണം വെച്ചപ്പോള്‍ എതിരാളികളായ റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ കളിയാക്കിയാണ് പിക്വെ കിരീട നേട്ടം ആഘോഷിച്ചത്. ആരാധകരുടെ ആര്‍പ്പു വിളികള്‍ക്കിടയിലൂടെ ബസ്സ് നീങ്ങവെയായിരുന്നു പിക്വെ റൊണാള്‍ഡോയെ അനുകരിച്ചത്. 

ആരാധകര്‍ക്കിടയില്‍ നിന്ന് ആരോ എറിഞ്ഞ് കൊടുത്ത പന്തില്‍ ഓട്ടോഗ്രാഫ് നല്‍കിയ ശേഷം പിക്വെ മെസ്സിയെയും സുവാരസിനെയും നോക്കി. തുടര്‍ന്ന്‌ റൊണാള്‍ഡോ ഗോളടിച്ച ശേഷം ആഘോഷിക്കുന്ന പ്രശസ്തമായ കാല്‍മ സെലിബ്രേഷനാണ് പിക്വെ അനുകരിച്ചത്. കൈ രണ്ടും താഴ്ത്തിയും ഉയര്‍ത്തിയും കാണികളോട് ശാന്തരാകാന്‍ പറയുന്ന റൊണാള്‍ഡോയുടെ ആഘോഷ രീതിയാണ് കാല്‍മ സെലിബ്രേഷന്‍. പിക്വെയുടെ അനുകരണം കണ്ട് മെസ്സിക്കും സുവാരസിനും ചിരിയടക്കാന്‍ കഴിഞ്ഞില്ല. ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം ഇപ്പോള്‍ പിക്വെയുടെ ഈ അനുകരണമാണ്.

 

ലാ ലിഗയിലെ എല്‍ ക്ലാസികോയില്‍ ബാഴ്‌സയെ റയല്‍ പരാജയപ്പെടുത്തിയ മത്സരത്തിലും  ക്രിസ്റ്റ്യാനൊയുടെ കാല്‍മ സെലിബ്രേഷനുണ്ടായിരുന്നു. അന്ന് ബാഴ്‌സ ആരാധകരോട് ശാന്തരാകാന്‍ പറഞ്ഞ ക്രിസ്റ്റ്യാനൊയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്തായാലും എവിടെ കൊടുത്താലും കൊല്ലത്ത് കിട്ടും എന്ന പഴഞ്ചൊല്ല് പോലെ  ക്രിസ്റ്റ്യാനൊയ്ക്ക് കിട്ടാനുള്ളത് ബാഴ്‌സലോണയില്‍ നിന്ന് കിട്ടി.