സിറിയയിലെ ആഭ്യന്തര കലാപത്തിന്റെ ദുരിതമനുഭവിക്കുന്ന കുട്ടികളെ ആശ്വസിപ്പിച്ച്‌ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. ''ഞാന്‍ നിങ്ങളോടൊപ്പമുണ്ട്, ലോകവും. ഞങ്ങള്‍ നിങ്ങളെ സംരക്ഷിക്കും. ഞാന്‍ പ്രശസ്തനായ കളിക്കാരനാണെങ്കിലും യഥാര്‍ത്ഥ ഹീറോ നിങ്ങളാണ്.പ്രതീക്ഷ ഒരിക്കലും കൈവിടരുത്'' ക്രിസ്റ്റിയാനൊ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. 

ആഭ്യന്തര യുദ്ധത്തിന്റെ തീവ്രത ഏറ്റവും കൂടുതലനുഭവിക്കുന്ന ആലെപ്പോയിലെ കുഞ്ഞുങ്ങള്‍ക്ക് ക്രിസ്റ്റ്യാനൊ സാമ്പത്തിക സഹായം നല്‍കി. ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ് മുറിവുകളുമായി ആലെപ്പോയിലെ ആശുപത്രിയില്‍ കഴിയുന്ന കുട്ടികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനൊ സഹായവുമായി എത്തിയത്. സെയ്‌വ് ചില്‍ഡ്രനെന്ന എന്‍.ജി.ഒയുടെ ഗ്ലോബല്‍ ആര്‍ട്ടിസ്റ്റ് അംബാസിഡര്‍മാരില്‍ ഒരാളാണ് ക്രിസ്റ്റിയാനൊ. 

നാല് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ വ്യാഴാഴ്ച്ചയാണ് വിമതരില്‍ നിന്ന് സൈന്യം ആലെപ്പോ നഗരം തിരിച്ചു പിടിച്ചത്.സിവിലിയന്‍മാരും വിമത പോരാളികളും ഉള്‍പ്പെടെ 34000 പേരെയാണ് കിഴക്കന്‍ ആലെപ്പോയില്‍ നിന്ന് ഒരാഴ്ച്ചക്കിടെ ഒഴിപ്പിച്ചത്. ആറു വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ യു.എന്നിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.