ടൂറിന്‍: കായിക ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലംപറ്റുന്ന താരങ്ങളിലൊരാളാണ് ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കൂടുതല്‍ പ്രതിഫലം വാങ്ങുന്നതിനൊപ്പം തന്നെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും താരം പങ്കാളിയാണ്.
ഇപ്പോഴിതാ റംസാൻ മാസത്തിൽ പലസ്തീന്‍ ജനതയ്ക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. റംസാൻ നോമ്പുനോല്‍ക്കുന്ന പലസ്തീനിലെ ജനങ്ങള്‍ക്ക് ഇഫ്താറിന് ഭക്ഷണം എത്തിക്കുന്നതിനായി 1.5 ദശലക്ഷം ഡോളറിന്റെ (പത്തു കോടിയിലേറെ ഇന്ത്യന്‍ രൂപ) സാമ്പത്തിക സഹായം നല്‍കിയിരിക്കുകയാണ് റൊണാള്‍ഡോ. 9 സ്‌പോര്‍ട്‌സ് പ്രോ എന്ന വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നേരത്തെയും റൊണാള്‍ഡോ രംഗത്തെത്തിയിട്ടുണ്ട്. ഇതിനു പുറമെ യുദ്ധക്കെടുതികളില്‍ വലഞ്ഞ സിറിയയിലെ കുഞ്ഞുങ്ങള്‍ക്കായും താരം സാമ്പത്തിക സഹായം നല്‍കിയിരുന്നു.
2012-ല്‍ ഇസ്രായേല്‍ ഗാസ ആക്രമിച്ചപ്പോള്‍ മികച്ച യൂറോപ്യന്‍ താരമായി തിരഞ്ഞെടുക്കപ്പെട്ടതിന് ലഭിച്ച ഗോള്‍ഡന്‍ ബൂട്ട് ലേലം ചെയ്ത് റൊണാള്‍ഡോ ഗാസയ്ക്ക് സഹായം നല്‍കിയിരുന്നു. പിന്നാലെ 2013-ല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം ഇസ്രായേല്‍ താരവുമായി ജേഴ്‌സി കൈമാറാന്‍ തയ്യാറാകാതിരുന്ന താരത്തിന്റെ പ്രവൃത്തി ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
2015-ല്‍ ഡു സംതിങ് ഏര്‍പ്പെടുത്തിയ ഏറ്റവും കൂടുതല്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്ന കായിക താരത്തിനുള്ള പുരസ്‌കാരത്തിനും റൊണാള്‍ഡോ അര്‍ഹനായിരുന്നു.
Content Highlights: Cristiano Ronaldo Donates 1.5M to Palestine for Ramadan