നന്ദ് മഹീന്ദ്ര വാക്ക് പാലിച്ചു. ഓസ്‌ട്രേലിയയില്‍ അവിശ്വസനീയമായ പരമ്പര വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ യുവനിരയ്ക്ക് അന്ന് വാഗ്ദാനം ചെയ്ത സമ്മാനം മഹീന്ദ്ര ചെയർമാൻ കൈമാറി. ഇതനുസരിച്ച് ബൗളര്‍മാരായ ടി.നടരാജനും ശാര്‍ദൂല്‍ താക്കൂറിനും മഹീന്ദ്രയുടെ ഐക്കോണിക്ക് ഓഫ്‌റോഡ് എസ്.യു.വിയായ ഥാര്‍ ലഭിച്ചു. മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, ശുഭ്മാന്‍ ഗില്‍, നവ്ദീപ് സെയ്‌നി എന്നിവര്‍ക്കു കൂടി അദ്ദേഹം സമ്മാനം വാഗ്ദാനം ചെയ്തിരുന്നു.

സമ്മാനമായി കിട്ടിയ ഥാറിനൊപ്പമുളള ചിത്രങ്ങള്‍ നടരാജനും ശാര്‍ദൂലും ട്വിറ്ററിലൂടെ പങ്കുവച്ചു. നടരാജന് ചുവപ്പ് നിറത്തിലും ശാര്‍ദൂലിന് ഗ്രേ നിറത്തിലുമുള്ള വാഹനവുമാണ് ലഭിച്ചത്. തങ്ങളെ അറിഞ്ഞാദരിച്ച ആനന്ദ് മഹീന്ദ്രയോടുള്ള കടപ്പാടും നന്ദിയും ഇരുവരും ട്വീറ്റില്‍ അറിയിച്ചിട്ടുണ്ട്. സ്‌നേഹസമ്മാനത്തിന് പകരമായി ഗാബ ടെസ്റ്റിലെ ജെഴ്‌സി മഹീന്ദ്രയ്ക്കായി ഒപ്പിട്ട് നല്‍കുന്നതിന്റെ ചിത്രവും നടരാജന്‍ പങ്കുവച്ചിട്ടുണ്ട്. ഥാറിന്റെ ബോണറ്റിന്റെ മുകളില്‍ വച്ചാണ് നാലാം നമ്പര്‍ ഒപ്പിടുന്നത്.

മുന്‍നിര താരങ്ങള്‍ക്കെല്ലാം പരിക്കേറ്റതിനാല്‍ അരങ്ങേറ്റക്കാര്‍ നിറഞ്ഞ യുവനിരയുമായാണ് അജിങ്ക്യ രഹാനെയുടെ നേതൃത്വത്തില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര കളിക്കാനിറങ്ങിയത്. 2-1 എന്ന സ്‌കോറിലാണ് ടീം അവിശ്വസനീയമായി പരമ്പര സ്വന്തമാക്കിയത്. 

നിര്‍ണായകമായ ഗാബ ടെസ്റ്റില്‍ സുന്ദര്‍ അരങ്ങേറ്റക്കാരനായിരുന്നു. നടരാജനും ശാര്‍ദൂലിനും സെയ്‌നിക്കും രണ്ടാം ടെസ്റ്റായിരുന്നു. എന്നാല്‍ ഇവരുടെ ബൗളിങ് മികവിലാണ് ഇന്ത്യ ടെസ്റ്റും പരമ്പരയും സ്വന്തമാക്കിയത്.

Content Highlights: Cricketers T Natarajan & Shardul Thakur Receive The Mahindra Thar India Australis Test Series