കപില്‍ ദേവും വിവ് റിച്ചാര്‍ഡ്‌സും എം.എസ്. ധോനിയും തമ്മില്‍ ഒരു വലിയ സാമ്യമുണ്ട്. മൂവരും ലോകകപ്പ് ഹീറോസ്. കപിലും ധോനിയും ലോകകപ്പ് നേടിയ നായകര്‍. നായകനായി ലോകകപ്പ് സ്വന്തമാക്കാനായില്ലെങ്കിലും വിന്‍ഡീസിന്റെ ഐതിഹാസിക ടീമിന് രണ്ട് ലോകകപ്പുകള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് റിച്ചാര്‍ഡ്‌സ്.

ഇപ്പോഴത്തെ സാമ്യം ഇതൊന്നുമല്ല. മൊട്ടത്തല ഫാഷനാക്കിയവരാണ് ഇപ്പോള്‍ മൂവരും. റിച്ചാര്‍ഡ്‌സ് മൊട്ടയടിച്ച തല ട്രേഡ് മാര്‍ക്ക് ഫാഷനാക്കിയ ആളാണ് പണ്ടേ. ധോനിയാവട്ടെ. ഇന്ത്യയുടെ ഏകദിന ലോകകപ്പ്ലബ്ധി മൊട്ടയടിച്ച് ആഘോഷിച്ചയാളും. ഈ ശ്രേണിയിലേയ്ക്ക് വയസ്സാംകാലത്ത് കാലെടുത്തുവച്ചയാളാണ് കപില്‍. ലോക്ഡൗണ്‍ കാലത്ത് മകളാണ് ഈ ട്രെന്‍ഡി മേക്കോവറിന് പിറകിലെന്ന് മൊട്ടയടി രഹസ്യം വെളിപ്പെടുത്തി പറഞ്ഞിരുന്നു കപില്‍.

എന്നാല്‍, ലോക്ഡൗണിലെ ഈ പുതിയ ലുക്കിന്റെ രഹസ്യം മറ്റൊന്നാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കപില്‍. തന്റെ ക്രിക്കറ്റിങ് ഹീറോസായ വിവ് റിച്ചാര്‍ഡ്‌സും ധോനിയും തന്നെയാണ് തന്റെ ഈ ലുക്കിന് പ്രേരണയായതെന്നാണ് കപില്‍ പറയുന്നത്.

ഞാന്‍ വിവ് റിച്ചാര്‍ഡ്‌സിനെ ഇന്‍സ്റ്റഗ്രാമില്‍ കണ്ടിട്ടുണ്ട്. അയാള്‍ എന്റെ ഹീറോയാണ്. അപ്പോള്‍ ഞാന്‍ ആലോചിച്ചു. എന്തു കൊണ്ട് എനിക്കും അങ്ങനെ ആയിക്കൂട. ഞാന്‍ എന്റെ ഹീറോയെ പിന്തുടരുകയാണ്. എനിക്ക് ധോനിയെയും ഇഷ്ടമാണ്. അയാളും എന്റെ ഹീറോയാണ്. 2011ല്‍ ലോകകപ്പ് നേടിയശേഷം അയാള്‍ തല മൊട്ടയടിച്ചിരുന്നു. അപ്പോള്‍ ഞാന്‍ വിചാരിച്ചു. ഒരുനാള്‍ എനിക്കും ഇങ്ങനെ ചെയ്യണം. ഇപ്പോഴാണ് അതിനുള്ള അവസരം ലഭിച്ചത്. ഞാന്‍ അത് അുകരിച്ചു-ധോനിക്ക് മുന്‍പേ ആദ്യമായി ഏകദിന ലോകകപ്പ് ഇന്ത്യയിലെത്തിച്ച കപില്‍ പറഞ്ഞു.

അനുകരണമായാലും എന്തായാലും കപിലിന്റെ പുതിയ ലുക്കിന് ആരാധകര്‍ ഏറെയാണ്. വലിയ കൈയടികളോടൊണ് സോഷ്യല്‍ മീഡിയ ഈ സ്‌റ്റൈലിനെ സ്വീകരിച്ചത്.

Content Highlights: Cricketer Kapil Dev, Covid 19, lockdown, Vivian Richards, MS Dhoni, World Cup