കേപ്ടൗണ്‍: കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് കായിക ലോകം നിശ്ചലാവസ്ഥയിലാണ്. ഈ വര്‍ഷം ടോക്കിയോയില്‍ നടക്കാനിരുന്ന കായിക മാമാങ്കം വരെ മാറ്റിവെച്ചു. ലോകത്താകമാനമുള്ള ഫുട്‌ബോള്‍  ലീഗുകളെല്ലാം തന്നെയും നിര്‍ത്തിവെച്ചിരിക്കുന്നു.

ഇക്കാരണത്താല്‍ താരങ്ങളെല്ലാം തന്നെ വീടിനുള്ളില്‍ കുടുങ്ങിപ്പോയതോടെയാണ് നൈക്കിയുടെ ലിവിങ് റൂം കപ്പ് ചലഞ്ചിന്റെ രംഗപ്രവേശം. വീടിനുള്ളിലാണെങ്കിലും വ്യായാമത്തിലൂടെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്തുള്ളതാണ് ഈ ചലഞ്ച്.

ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതോടെ 'കോര്‍ ക്രഷര്‍' ചലഞ്ചുമായി രംഗത്തെത്തി. കിടന്നുകൊണ്ട് കാല്‍ ഉയര്‍ത്തി കൈകൊണ്ട് കാലില്‍ തൊടുന്നതാണ് ഈ വ്യായാമം. 45 സെക്കന്‍ഡില്‍ റോണോ 142 തവണയാണ് ഇങ്ങനെ ചെയ്തത്. ഇതിന്റെ വീഡിയോ പങ്കുവെച്ച റോണോ മറ്റ് കായികതാരങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം ബ്രൂണോ ഫെര്‍ണാണ്ടസും ഡിയോഗോ ഡലോട്ടും വെല്ലുവിളി ഏറ്റെടുത്തെങ്കിലും അവര്‍ക്കാര്‍ക്കും റോണോയെ മറികടക്കാനായില്ല. 45 സെക്കന്‍ഡില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന് 117 തവണയും ഡിയോഗോ ഡലോട്ടിന് 105 തവണയുമാണ് ഇത് ചെയ്യാനായത്.

എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ മധ്യദൂര ഓട്ടക്കാരി കാസ്‌റ്റെര്‍ സെമന്യ റൊണാള്‍ഡോയുടെ റെക്കോഡ് മറികടന്നു. 45 സെക്കന്‍ഡില്‍ 176 തവണ സെമന്യ തന്റെ കാലില്‍ തൊട്ടു.

Content Highlights: core crusher challenge Cristiano Ronaldo beaten by Caster Semenya